ഇതൊരു സൈക്കെഡെലിക് പോസ്റ്റര്‍..!

','

' ); } ?>

ഒന്നിനൊന്ന് വ്യത്യസ്ഥമായ മെയ്‌ക്കോവറും പോസ്റ്ററുകളുമായി പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഫഹദ് ഫാസിലും ട്രാന്‍സ് അണിയറപ്രവര്‍ത്തകരും. ഉസ്താദ് ഹോട്ടലിന്റെ ഏഴു വര്‍ഷത്തെ ഇടവേളക്കുശേഷം അന്‍വര്‍ റഷീദ് തന്റെ പുതിയ ചിത്രവുമായെത്തുന്നത് കൃത്യമായ തയ്യാറെടുപ്പുകളോടെത്തന്നെയാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇത് ശരിവെക്കുന്നു.

ഒറ്റ നോട്ടത്തില്‍ ഒരു ത്രിഡി പോസ്റ്ററിന്റെ മട്ടും ഭാവവുമാണ് പുതിയ പോസ്റ്ററിന്. ഒരു മനോരോഗിയുടെ വേഷമിട്ട് ഓടിയും ചാടിയും പറന്നും വിവിധ പോസുകളിട്ടും നില്‍ക്കുന്ന ഫഹദ് തന്നെയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. പേരുപോലെ തന്നെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കാണുന്ന ഓരോ പ്രേക്ഷകനും ലഭിക്കുന്നത് ഒരു ട്രാന്‍സ് അപാരത തന്നെയാണ്.

സമീപകാലത്ത് മലയാളസിനിമയില്‍ അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സി’നോളം കാത്തിരിപ്പുയര്‍ത്തിയ ഒരു സിനിമയില്ല. നസ്രിയയാണ് ചിത്രത്തിലെ നായിക, ഫഹദും നസ്രിയയും വിവാഹിതരായ ശേഷം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഏകദേശം രണ്ട് വര്‍ഷത്തിന് നടന്ന പ്രഖ്യാപനത്തിനും ഒന്നര വര്‍ഷത്തോളം നീണ്ട ചിത്രീകരണത്തിനും ശേഷം ചിത്രം ഇപ്പോള്‍ അവസാനഘട്ട പണിപ്പുരയിലാണ്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം തീയേറ്ററിലെത്തുക ഡിസംബര്‍ 20നാണ്.

സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി ഇക്കാലത്തെ ശ്രദ്ധേയ അഭിനേതാക്കളില്‍ മിക്കവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. സംഗീതം നവാഗതനായ ജാക്‌സണ്‍ വിജയന്‍. കന്യാകുമാരി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്‍ഡാമിലും എല്ലാമായാണ് അന്‍വര്‍ റഷീദ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിന്‍സെന്റ് വടക്കന്റേതാണ് ചിത്രത്തിന്റെ രചന.