
ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാനായിട്ടുള്ള നടന്‍ മുകേഷിന്റെ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെതിരെ ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി. ‘ധമാക്ക’ സിനിമയില്‍ ഒമര്‍ ലുലു തനിക്ക് കോപ്പിറൈറ്റുള്ള ‘ശക്തിമാന്‍’ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ മുകേഷ് ഖന്ന ആവശ്യപ്പെട്ടു.
‘ ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം ‘ധമാക്ക’യില്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു എന്ന വാര്‍ത്തകള്‍ കണ്ടു. മുകേഷ് എന്ന പേരുള്ള ഒരു നടനാണ് അതില്‍ അഭിനയിക്കുന്നതെന്നും അറിഞ്ഞു. ശക്തിമാന്‍ എന്ന കഥാപാത്രവും വസ്ത്രധാരണ രീതിയും തീം മ്യൂസിക്കുമെല്ലാം എനിക്കും ഭീഷ്മം ഇന്റര്‍നാഷണലിനും അവകാശപ്പെട്ടതാണ്. തന്റെ അനുവാദമില്ലാതെ കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിക്കുന്നത് കോപ്പി റൈറ്റ് ലംഘനമാണ്. സംവിധായകന്‍ ഒമര്‍ ലുലു ഇതില്‍ നിന്നും പിന്‍മാറണം, അല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും,’ എന്ന് മുകേഷ് ഖന്ന കത്തില്‍ പറയുന്നു.
സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന് ഒമര്‍ലുലു വിഷയത്തില്‍ പ്രതികരിച്ചു. വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു.