എപ്പോഴും തന്റെ വാത്സല്യം നിറഞ്ഞ ശബ്ദത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച നടനാണ് മോഹന്‍ ലാല്‍. ഇപ്പോള്‍ മലയാളികള്‍ക്ക് മൂളാന്‍ മറ്റൊരു മനോഹര ഗാനവുമായി അദ്ദേഹം വീണ്ടുമെത്തിയിരിക്കുകയാണ്. തന്റെ ഓണചിത്രമായ ഇട്ടിമാണിയിലൂടെ ‘കണ്ടോ കണ്ടോ’ എന്ന ഗാനമാണ് വൈക്കം വിജയ ലക്ഷ്മിക്കൊപ്പം അദ്ദേഹം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ദീപക് ദേവ് സംഗീതം നിര്‍വഹിക്കുന്ന ഗാനത്തിന് സന്തോഷ് വര്‍മ്മയാണ് വരികള്‍ നല്‍കിയിരിക്കുന്നത്.
നിരവധി സര്‍പ്രൈസുകളുമായാണ് മോഹന്‍ ലാലിന്റെയും ജിബി – ജോബിയുടെയും കൂട്ടുകെട്ടില്‍ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ ഇത്തവണ ഓണത്തിനെത്തുന്നത്. വ്യത്യസ്ഥമായ താരനിരയും നര്‍മ്മത്തില്‍ പൊതിഞ്ഞ കഥയും തന്നെയാണ് ഇട്ടിമാണിയുടെ പ്രധാന ഹൈലൈറ്റ്. ഒപ്പം ചൈനയില്‍ നിന്നും ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഇട്ടിമാണിക്കുണ്ട്. നേരത്തെ ചിത്രത്തെ സംബന്ധിച്ചുള്ള ഒരു അഭിമുഖത്തില്‍ ലാല്‍ ചൈനീസ് ഭാഷ സംസാരിച്ച് ശ്രദ്ധ നേടിയിരുന്നു.