നിരവധി സര്‍പ്രൈസുകളുമായാണ് കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രമൊരുങ്ങുന്നത്. അതില്‍ ഓരോന്നോരാന്നായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കാനും തുടങ്ങിയിരിക്കുന്നു. എന്നാല്‍ പ്രേക്ഷകരേവരും തീരെ പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോളൊരുക്കിയിരിക്കുന്നത്. മറ്റാരുമല്ല തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് തന്നെ വരികളെഴുതി ആലപിച്ച ഗാനം തന്നെയാണ് ബ്രദേഴ്‌സ് ഡേ ടീം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ബിബി മാത്യു, ജസ്റ്റിന്‍ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ്. തങ്ങളുടെ ഗാനത്തിനായി വരികളെഴുതാന്‍ ധനുഷിന് ഏറെ സന്നദ്ധത കാണിച്ചെന്നും വരികള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണെന്നും ജിം ജേക്കബ് പറയുന്നു:
”നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിലെ ഒരു ഗാനം ധനുഷിനെക്കൊണ്ട് പാടിക്കാമെന്ന ഐഡിയ മുന്നോട്ട് വെച്ചത്, നടന്‍ പ്രസന്ന അദ്ദേഹവുമായി നേരിട്ട് കണക്ട് ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. ഞങ്ങള്‍ ആദ്യം ട്യൂണ്‍ അയച്ച് കൊടുത്തപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. അദ്ദേഹം തന്നെ വരികളെഴുതിയതിന് ശേഷം റെക്കോര്‍ഡിങ്ങിനായി ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് ഞങ്ങള്‍ ചെല്ലുകയായിരുന്നു.”
എന്നാല്‍ ധനുഷ് തന്നെ ഗാനത്തിനെ പ്രശംസിച്ചതോടെ ഇവരും ഞെട്ടി. ” താന്‍ ഇത് വരെ ചെയ്ത പാട്ടുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ
ഗാനമാണിതെന്നും അതുകൊണ്ട് തന്നെ ഗാനം താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ട്യൂണ്‍ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഗാനം ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം പാടാന്‍ തയ്യാറായത്. തന്റെ ഇതുവരെയുള്ള ഗാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വളരെ താഴ്ന്ന പിച്ചിലാണ് അദ്ദേഹം ഈ ഗാനം ആലപിച്ചിരിക്കുന്നത്” ജിം പറയുന്നു.
അതേ സമയം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗമായിരിക്കുകയാണ്. 1 മില്ല്യണോളം പ്രേക്ഷകര്‍ ഇതിനോടകം ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടു കഴിഞ്ഞു. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.