പ്രളയകാലത്ത് മനുഷ്യരുടെ ത്യാഗത്തിന് വിലയിടുന്നതിനെതിരെയും, വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…
ത്യാഗത്തിനു വിലയിടുന്നവരോട് മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത്.
നൗഷാദ് എന്ന സാധാരണക്കാരനായ വസ്ത്രക്കച്ചവടക്കാരന്‍ തനിക്കുള്ളത് മുഴുവന്‍ ദുരിതബാധിതര്‍ക്ക് നല്‍കുമ്പോള്‍ അതു ഒരു ബൈബിള്‍ കഥയെ ഓര്‍മ്മപ്പെടുത്തുന്നു. വിധവയുടെ രണ്ടു വെള്ളിക്കാശ് എന്ന കഥ ബൈബിള്‍ വായിച്ചവര്‍ക്ക് അറിയുമായിരിക്കും. നൗഷാദ് തന്റെ കര്‍മ്മത്തിലൂടെ മലയാളിയുടെ മനസ്സില്‍ ഇതിഹാസമാവുകയാണ്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനായ ശ്രീ തമ്പി ആന്റണി (എഴുത്തുകാരനും നടനും )നൗഷാദിന് അയാളുടെ ബിസിനസ്സ് സംരഭത്തിലേക്ക് 50000രൂപനല്‍കാന്‍ സന്നദ്ധത കാണിക്കുന്നു. ഇനിയും സമാനമനസ്‌കര്‍ നൗഷാദിനെ സഹായിക്കാന്‍ വരും. അപ്പോഴാണ് ചിലര്‍ നൗഷാദ് തങ്ങളുടെ പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ ഇകഠഡ മെമ്പര്‍ഷിപ്പ് കാര്‍ഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നത്. ആയ്‌ക്കോട്ടെ. ഒരാള്‍ക്ക് വിശ്വസിക്കാന്‍ ഇഷ്ടം പോലെ പ്രസ്ഥാനങ്ങളുണ്ടല്ലോ.
ഇപ്പോഴിതാ രക്ഷാപ്രവര്‍ത്തനത്തിനിടക്ക് വെള്ളെക്കെട്ടില്‍ കാണാതായ ചെറുവണ്ണൂര്‍ക്കാരന്‍ ലിനു എന്ന യുവാവ് തങ്ങളുടെ ഭാഗത്തു നിന്നുള്ള ത്യാഗമാണ് എന്ന് പറഞ്ഞു സേവാഭാരതി രംഗത്ത് വന്നിരിക്കുന്നു.
എന്നാല്‍ മരണപ്പെട്ട ലിനു സേവാഭാരതിക്കാരനല്ല എന്ന് മറ്റൊരു കൂട്ടര്‍.
സത്യത്തില്‍ നൗഷാദിന്റെ നന്മയും ലിനുവിന്റെ ത്യാഗവും അവരോട് അവരുടെ പാര്‍ട്ടി പറഞ്ഞിട്ട് ചെയ്തതല്ല. അങ്ങിനെ അവരാരും പറഞ്ഞിട്ടുമില്ല. കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ മറുനാട്ടുകാരെ രക്ഷിക്കാന്‍ ജീവന്‍ കൊടുത്ത നൗഷാദ് ഏതു പാര്‍ട്ടിക്കാരനാണെന്ന് നമ്മള്‍ ഇതുവരെ അറിഞ്ഞില്ല.അന്വേഷിച്ചുമില്ല. ഒരു പ്രസ്ഥാനവും ഒരു മതവും പറയാത്ത മാനവികത ഉള്ളിലുള്ളവരായിരുന്നു അവരെല്ലാം എന്ന് കരുതാനാണ് നമ്മള്‍ ഇനിയെങ്കിലും പഠിക്കേണ്ടത്.
അവരുടെ മഹത്വവും അതാണ്.
അതിനെ ദയവായി ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ വാലില്‍ ചുരുക്കിക്കെട്ടരുത്.
കുട്ടികളെയെങ്കിലും വഴിതെറ്റിക്കാതിരിക്കൂ.
അല്ലെങ്കില്‍ ഇനിയും പ്രളയം വരുത്തണേ എന്നാലേ ഞങ്ങള്‍ മനുഷ്യരിലെ നന്മ തിരിച്ചറിയൂ എന്ന് പ്രാര്‍ത്ഥിക്കേണ്ടിവരും.
(ആരോട് പ്രാര്‍ത്ഥിക്കണം എന്നത് മറ്റൊരു വിഷയം )