താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സിനിമയില്‍ തൊഴിലെടുക്കുന്ന വനിതാ താരങ്ങള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് സമിതിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ ഉണ്ടാകും. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്ക് നല്‍കുമെന്ന് ഭേദഗതിയില്‍ പറയുന്നു. അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഭേദഗതികള്‍ ചര്‍ച്ച ചെയ്യും.
ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ വേണമെന്ന ആവശ്യം കുറച്ചു നാളുകളായി ഉയര്‍ന്നു വന്നിരുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യൂസിസി രംഗത്തെത്തുകയും ചെയ്തിരുന്നു.