ആവേശം കൊള്ളിച്ച് ’83’ ട്രെയിലര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രം 83 ന്റെ ട്രെയിലര്‍ പുറത്തുവിട്ടു.രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ കപില്‍ ദേവായിട്ട് അഭിനയിക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞുന്ന ചിത്രമായിരുന്നു ’83’ .

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടന്‍ ജീവയാണ് അഭിനയിക്കുന്നത്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യ കഥാപാത്രമായി ദീപിക പദുക്കോണാണ് അഭിനയിക്കുന്നത്.

കബിര്‍ ഖാന്‍, വിഷ്ണുവര്‍ദ്ധന്‍ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‌വാല എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷന്‍സ്, നദിയാദ്‌വാല് ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്, കബിര്‍ ഖാന്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു തുടങ്ങി വലിയ താരനിര തന്നെ ’83’ലുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. കപില്‍ ദേവിന്റെ ലുക്കിലുള്ള രണ്‍വീര്‍ സിംഗിന്റെ ഫോട്ടോ തന്നെ വലിയ പ്രചാരം നേടിയിരുന്നു. ഏവരും കാത്തിരിക്കുന്ന ചിത്രം ’83’ ക്രിസ്മസ് റിലീസായിട്ടാണ് തിയറ്ററുകളിലെത്തുക.

ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി യോജിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ കബീര്‍ ഖാന്‍ പറഞ്ഞു. ചിത്രത്തിന് പൃഥ്വിരാജിന്റെ പിന്തുണ പ്രാദേശിക പ്രേക്ഷകര്‍ക്ക് ഏറെ ആവേശം പകരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.