ഞങ്ങൾക്ക്‌ ഒരു ഗോഡ് ഫാദറെ ഉള്ളു.. ആന്റണി പെരുമ്പാവൂർ

സംഗീത പ്രേമികളായ നാല് ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് 4 മ്യൂസിക്‌സ്. പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ഒപ്പം’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ ഇവര്‍ പ്രേക്ഷകമനസ്സില്‍ സ്ഥാനമുറപ്പിച്ചു. തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രം വില്ലന്‍, പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്‌സ് ഡേ, ഇട്ടി മാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമേകി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും ഹിന്ദിയിലും സംഗീതമൊരുക്കി മുന്നേറുകയാണ് ഇവര്‍. ബിബി മാത്യു, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജിംസണ്‍ ജയിംസ് തുടങ്ങിയവരാണ് ഫോര്‍ മ്യൂസിക്കിന്റെ അമരക്കാര്‍. ബിബി മാത്യു, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ് തുടങ്ങിയവര്‍ തങ്ങളുടെ സംഗീത യാത്രയുടെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ്…

  • നാല് വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ സജീവമായിട്ട്. എങ്ങനെയുണ്ട് ഈ നാല് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്…?

ബിബി മാത്യു – വളരെ നല്ല എക്‌സ്പീരിയന്‍സാണ്. ഞങ്ങള്‍ വിചാരിച്ചതിലുമപ്പുറമുള്ള ലെവലിലേക്ക് എത്താന്‍ സാധിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം. വളരെ സന്തോഷമായിട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

ജിം ജേക്കബ് – ഞങ്ങളുടെ രണ്ടാമത്തെ സിനിമയായിരുന്നു ഒപ്പം. എല്ലാവരും ആഗ്രഹിക്കുന്ന ഡ്രീം കോമ്പിനേഷനായ പ്രിയന്‍സാര്‍, ലാല്‍ സാര്‍, എം.ജി ശ്രീകുമാര്‍ സാര്‍ എന്നിവരുടെയൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഒരു തുടക്കക്കാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഗാനങ്ങള്‍ വന്‍ വിജയമായതിലൂടെ ഞങ്ങള്‍ക്കും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ശേഷം നല്ല കുറേ സിനിമകള്‍ കിട്ടി… ലാല്‍ സാറിനൊപ്പം തന്നെ വില്ലനും, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയും ചെയ്യാന്‍ സാധിച്ചു. ഞങ്ങള്‍ ഒരേ നാട്ടില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്ന കളിക്കൂട്ടുകാരാണ്. മ്യൂസിക്കില്‍ തന്നെ ലൈഫ് മുന്നോട്ട് കൊണ്ടുപോകണം എന്നാണ് ഞങ്ങളാഗ്രഹിച്ചത്. അന്നൊക്കെ ഇത് സ്വപ്‌നം മാത്രമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലത്തേക്കാണ് പക്ഷെ ദൈവം ഞങ്ങളെ കൊണ്ടെത്തിച്ചത്.

എല്‍ദോസ്- പലപ്പോഴും ടിവിയിലൊക്കെ അവാര്‍ഡ് പരിപാടികളൊക്കെ കാണുമ്പോള്‍ നമുക്കെന്നെങ്കിലും ഇതുപോലെയൊക്കെ കിട്ടുമോ എന്ന് ആഗ്രഹിച്ചിരുന്നു. ദൈവം സഹായിച്ച് ആറോളം അവാര്‍ഡുകള്‍ ഞങ്ങള്‍ക്കിപ്പോള്‍ കിട്ടി. ഈ ഒരു ചുരുങ്ങിയ കാലയളവിനുള്ളില്‍ യേശുദാസ്, എസ്.പി ബാലസുബ്രമണ്യം, ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, ചിത്ര, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ പ്രഗത്ഭരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഞങ്ങളുടെ വര്‍ക്കുകള്‍ ചെയ്യാന്‍ വേണ്ടി സ്വന്തമായൊരു സ്റ്റുഡിയോ തുടങ്ങി. സിനിമയില്‍ വന്നപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്.

  • ബാന്‍ഡിലേക്കെത്തുന്നത് എങ്ങനെയാണ്…?

ബിബി മാത്യു- ഞങ്ങളെല്ലാവരും പള്ളി ക്വയറില്‍ നിന്ന് സംഗീതം ആരംഭിച്ച ആള്‍ക്കാരാണ്. ഞാനും എല്‍ദോസും ഒരേ പ്രായക്കാരും ജിം ഞങ്ങളെക്കാള്‍ ഇളയതുമാണ്. (എല്‍ദോസിന്റെ വക കമന്റ് കൊച്ചു പയ്യനാണ് ജിം എന്ന്. മൂന്ന് പേരും ചിരിക്കുന്നു). ക്രിക്കറ്റ് കളിയിലൂടെയാണ് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് വളര്‍ന്നത്. ജിം പത്തില്‍ എത്തിയപ്പോള്‍ അവന് ഒരു അഫെയര്‍ ഉണ്ടായിരുന്നു. ഒരു വണ്‍ സൈഡ് അഫയര്‍. അതില്‍ ഹംസമാവാനാണ് ജിം എന്നെ വിളിച്ചത്..! അങ്ങനെയാണ് ഞങ്ങള്‍ കൂടുതലടുത്തത്. ദൈവം തീരുമാനിച്ചുവെച്ചപോലെ മ്യൂസിക്ക് ഞങ്ങളുടെയെല്ലാവരുടെയും ഉള്ളിലുണ്ടായിരുന്നു. എന്റെയും എല്‍ദോസിന്റയും പാരന്റ്‌സ് ഒരുമിച്ച് ഒരു ട്രൂപ്പില്‍ വര്‍ക്ക് ചെയ്തിരുന്നവരാണ്… എന്റെ അപ്പച്ചന്‍ ഡയറക്ട് ചെയ്തിട്ടുള്ള നാടകത്തില്‍ ജിമ്മിന്റെ അപ്പച്ചനും അഭിനയിച്ചിരുന്നു. ജസ്റ്റിന്റെ പിതാവും ഇവരുടെ ട്രൂപ്പിലെ വയലിനിസ്റ്റായിരുന്നു. തലമുറ കൈമാറിയിട്ടുള്ള ഒരു സൗഹൃദം. അതുകൊണ്ട് തന്നെ ഞങ്ങളൊത്തു കൂടിയപ്പോള്‍ ”പഠിക്കാന്‍ നോക്ക്.. ഈ വക പരിപാടികളുമായി നടക്കണ്ട” എന്നൊന്നും പറഞ്ഞ് അവര്‍ ഞങ്ങളെ എതിര്‍ത്തില്ല. അന്നൊക്കെ ‘ആല്‍ബം ചെയ്യണം’ എന്നതായിരുന്നു ആഗ്രഹം. സിനിമയൊക്കെ സംഭവിച്ചാല്‍ സംഭവിക്കട്ടെയെന്നു കരുതി. ഞാനും ജിമ്മും മ്യൂസിക്ക് ചെയ്ത്‌കൊണ്ടിരിക്കുന്ന ആദ്യ സമയത്ത് ഞങ്ങള്‍ക്ക് ചെറിയ ഒരു സിനിമ വന്നിരുന്നു. നാല് പാട്ട് ചെയ്‌തെങ്കിലും പടം നടന്നില്ല. പിന്നെ കുറേ കാലം കഴിഞ്ഞ് ജിം അയര്‍ലന്റിലേക്ക് പോയി. അവിടെപോയി പഠിച്ച് പണിയെടുത്തുണ്ടാക്കിയ കാശ് കൊണ്ടുവന്ന് ഒരു ആല്‍ബം ചെയ്തു. അതും ഇറക്കാന്‍ പറ്റാതെ ആ കാശും പോയി. പിന്നീട് ആ ആല്‍ബത്തിലെ പാട്ട് കേട്ടിട്ട് ഞങ്ങള്‍ക്ക് ഏഷ്യാനെറ്റില്‍ നിന്ന് ഒരു കോള്‍ വന്നു. ആ പ്രോഗ്രാം വഴിയാണ് ഞങ്ങള്‍ ആദ്യത്തെ സിനിമയിലേക്ക് എത്തുന്നത്. ‘ജസ്റ്റ് മാരീഡ്’ ആണ് ആദ്യ ചിത്രം. പള്ളി ക്വയറുമായി കണക്ടഡായിരുന്ന സംഗീത യാത്രയില്‍ നിന്നാണ് ഞങ്ങള്‍ ‘വെസ്റ്റേണ്‍ ബാന്‍ഡ്’ എന്ന സങ്കല്‍പ്പത്തിലേക്ക് പോയത്. ഞങ്ങളുടെ കൂട്ടത്തിലുളള്ള ജിംസണ്‍ എന്ന ആളുടെ ആശയമായിരുന്നു അത്. അന്ന് ഞങ്ങള്‍ക്കൊന്നും ഇംഗ്ലീഷ് പാട്ട് കേള്‍ക്കുന്നതേ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ വെസ്റ്റേണ്‍ ബാന്‍ഡില്‍ മെമ്പേര്‍സായി. അവിടെ നിന്ന് ഗാനമേളയായി, പതുക്കെ ആല്‍ബം സോംഗ് ചെയ്ത് തുടങ്ങി, ഇങ്ങനെയായിരുന്നു യാത്ര.

  • പ്രിയദര്‍ശന്‍ സാറിന്റെ ‘ഒപ്പം’ എന്ന വലിയ പ്രൊജക്ട്. അദ്ദേഹത്തിന്റെ ചിത്രത്തിലെ പാട്ടുകള്‍ക്ക് വളരെ പ്രത്യേകതകളുണ്ടാവും. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്…?

ജിം ജേക്കബ് – പ്രിയന്‍ സാര്‍ ഞങ്ങളോട് കഥ പറയുന്നതിനു മുന്‍പേ ഞങ്ങളവിടെ എത്തിയതിന്റെ കഥ പറഞ്ഞാലേ ഒരു പ്രസക്തിയുള്ളു. ഞങ്ങള്‍ക്ക് ജസ്റ്റ് മാരീഡ് എന്ന ആദ്യ ചിത്രത്തിന് ശേഷം കുറേക്കാലം വര്‍ക്കുകളൊന്നുമില്ലാതിരുന്ന സാഹചര്യമുണ്ടായിരുന്നു. ആന്റണി ചേട്ടന്‍ (ആന്റണി പെരുമ്പാവൂര്‍) വഴിയാണ് പ്രിയദര്‍ശന്‍ സാറിനെ കാണാന്‍ അവസരം കിട്ടിയത്. സാറിനെ കണ്ട് ഞങ്ങള്‍ പാട്ട് കേള്‍പ്പിച്ച് കൊടുത്തപ്പോള്‍ സാറിന് ഇഷ്ടമായി. ഞങ്ങളോട് പറഞ്ഞു സിറ്റുവേഷന്‍ വെച്ച് ചെയ്യാന്‍. ആ ചിത്രത്തില്‍ വര്‍ക്ക് ചെയ്യാന്‍പറ്റുമെന്നുള്ളത് ഞങ്ങളൊട്ടും പ്രതീക്ഷിച്ചില്ല. എല്‍ദോസിന് അക്കൗണ്ടന്റായിട്ട് സൗദി അറേബ്യയില്‍ ജോലി കിട്ടി അവന്‍ പോയ ദിവസമാണ് ഞങ്ങള്‍ക്ക് പ്രിയന്‍ സാറുമായിട്ടുള്ള മീറ്റിംഗിന് അവസരം കിട്ടുന്നത്. എല്‍ദോസിന് ആദ്യ ചാന്‍സ് മിസ്സാവുകയായിരുന്നു. ഒപ്പം ഇറങ്ങിയതിന് ശേഷമാണ് എല്‍ദോസ് തിരിച്ചുവന്നത്.

  • മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ കൂട്ടുകെട്ട്. നിങ്ങളും ആ കാലഘട്ടത്തിന്റെ ഒരു ഭാഗമായതിനെ കുറിച്ച്…?

എല്‍ദോസ് – ഞങ്ങള്‍ പ്രതീക്ഷിക്കാതെ ലഭിച്ച സൗഭാഗ്യമായിരുന്നു ഒപ്പം. ഈ ചിത്രത്തിലേക്ക് ഞങ്ങള്‍ എത്തിപ്പെടുമെന്നുപോലും വിചാരിച്ചിരുന്നതല്ല. സാറിന് ഞങ്ങളെ അറിയില്ലായിരുന്നു. ”പിള്ളേരാണ്, എന്താണ് ചെയ്യാന്‍ പോണതെന്നറിയില്ല” എന്ന് ചിന്തിച്ചിരുന്നു. പക്ഷെ സാര്‍ പാടാന്‍ വന്നു. പാട്ട് കേട്ട് കഴിഞ്ഞപ്പോള്‍ സാറിന്റെ ആ ഒരു കണ്‍സപ്റ്റ് മാറി. പിന്നീടവിടുന്ന് തുടങ്ങി ഇന്നുവരെ നല്ല യാത്രയായിരുന്നു. ലൊക്കേഷനിലൊക്കെ പോകുമ്പോള്‍ ലാല്‍ സാറിന് വളരെ സ്‌നേഹമാണ്. സാറിന്റെ കാരവാനില്‍ കയറി സംസാരിക്കാനുള്ള അവസരവും കിട്ടി.ഇപ്പോഴും ആ സ്‌നേഹമുണ്ട് സാറിന്.

ജിം ജേക്കബ്- സിനിമയിലേക്ക് വരുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് ‘ഗോഡ്ഫാദര്‍’ ഇല്ലായിരുന്നു. പക്ഷെ സിനിമയിലേക്ക് വന്നതിന് ശേഷം ഞങ്ങള്‍ക്ക് ഒരേ ഒരു ഗോഡ്ഫാദറെ ഉള്ളു അത് ആന്റണി ചേട്ടനാണ്. ഒപ്പത്തിന് ശേഷം ‘വില്ലന്‍’, ‘ഇട്ടിമാണി’ എന്നിവ ആന്റണി ചേട്ടന്‍ തന്നതാണ്. ഒരുപാട് സപ്പോര്‍ട്ട് ചെയ്യാറുണ്ട് ആന്റണി ചേട്ടന്‍. ആ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.

  • ഒരു പാട്ട് മനസ്സില്‍ നില്‍ക്കണമെങ്കില്‍ അതിലെ വരികളും വലിയൊരു ഘടകമാണ്. ‘മിനുങ്ങും മിന്നാമിനുങ്ങെ..’ എന്ന പാട്ട് ഒരു സ്റ്റൈലിലും ചിത്രത്തിലെ മറ്റൊരു പാട്ട് പക്കാ മേളത്തിന്റെയൊക്കെ താളത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. എങ്ങനെയാണ് ആ ട്യൂണിലേക്കെത്തുന്നത്..?

എല്‍ദോസ് – ബി.കെ ഹരിനാരായണനാണ് ‘മിനുങ്ങും മിന്നാമിനുങ്ങേ…’ എന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഇവരൊക്കെയായിട്ട് നമുക്കും ഒരു പേഴ്‌സണലി വേവ് ലെംഗ്ത് ഉണ്ട്. അവരുമായിട്ട് നമുക്ക് ആശയവിനിമയിത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ‘ചിന്നമ്മ…’ എന്ന പാട്ട് എഴുതിയിരിക്കുന്നത് മധു വാസുദേവന്‍ സാറാണ്. സാറുമായിട്ടും എന്തും തുറന്ന് പറയാം. നമ്മളെക്കാളും മുന്നേ സിനിമയില്‍ വന്നവരാണ് ഈ രണ്ട്‌പേരുമെങ്കിലും നമ്മളേെപ്പാലുള്ള തുടക്കക്കാരെ ഇവര്‍ വളരെയധികം സപ്പോര്‍ട്ട് ചെയ്തു. ആ വരികളിലുടനീളം അവരുടെ സിഗ്നേച്ചറുണ്ട്.

  • ക്രിയേറ്റീവ് ലെവലില്‍ ആളുകളുടെ എണ്ണം കൂടുമ്പോള്‍ ആശയ സംഘര്‍ഷങ്ങളുണ്ടാവുമെന്ന് പൊതുവേ പറയാറുണ്ട്. വ്യത്യസ്ഥ ആശയങ്ങള്‍, അഭിപ്രായങ്ങള്‍. എങ്ങനെയാണ് നാല് പേരും ഇത് ഒത്തൊരുമിപ്പിക്കുന്നത്…?

ബിബി മാത്യു – സത്യത്തില്‍ ‘നാല് പേര്‍ക്ക് നാല് അഭിപ്രായങ്ങള്‍’ എന്നൊരു സംഭവമില്ല. ഞങ്ങള്‍ നാല്‌പേര്‍ക്കും ഏകദേശം ഒരേ അഭിപ്രായങ്ങള്‍ തന്നെയാണ് വരാറ്.അത് തന്നെയാണ് ഞങ്ങളുടെ വിജയവും.തുടങ്ങുമ്പോള്‍ പല ചിന്തകളുമുണ്ടെങ്കിലും അവസാനം ഞങ്ങളെല്ലാവരും ഒരേ ലൈനിലേക്കാണ് എത്തുക, അപ്പോഴാണ് നല്ലൊരു പാട്ട് സംഭവിക്കുക.ഒരു പാട്ടില്‍ ഞങ്ങള്‍ നാല് പേരുടെയും ഇന്‍പുട്‌സ് ഉണ്ടാവും. അല്ലാതെ ഒരാള്‍ ഒറ്റയ്ക്ക് ചെയ്യുന്ന പരിപാടിയൊന്നുമില്ല. അത് ഞങ്ങളെ കൊണ്ട് പറ്റില്ല, ശീലിച്ചിട്ടുമില്ല.നാല് പേര്‍ക്കും കൂടെ ഇഷ്ടപ്പെട്ട പാട്ടാണ് ഒടുവില്‍ പുറത്തേക്ക് പോകുന്നത്. അത്‌കൊണ്ട് തന്നെ ആള്‍ക്കാര്‍ക്ക് ആ പാട്ടിനോട് ഇഷ്ടം കുറച്ച് കൂടുതലായിരിക്കും എന്ന് തോന്നുന്നു.

  • ഒരാള്‍ സൗദി അറേബ്യ, ജിംസണ്‍ ജയിംസ് ന്യൂസിലന്റ്, ബാക്കി രണ്ട്‌പേര്‍ കൊച്ചിയിലും. എങ്ങനെയാണ് നാല് പേരും ഒരുമിക്കുന്നത്…?

ജിം ജേക്കബ്- ഞങ്ങള്‍ക്ക് വാട്‌സാപ്പില്‍ ഒരു പേഴ്‌സണല്‍ ഗ്രൂപ്പുണ്ട്. ഒരു സിറ്റുവേഷന്‍ കേട്ടുകഴിഞ്ഞാല്‍ ഞങ്ങളത് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും. അതിന് ശേഷം ഓരോരുത്തരും ട്യൂണ്‍ ചെയ്യും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നല്ലതാണെന്ന് തോന്നുന്നതിന് മാത്രമേ വര്‍ക്ക് ചെയ്യു. അല്ലാത്തതിനെ എടുക്കില്ല. അതില്‍ ആര്‍ക്കും മാനസ്സികപരമായിട്ട് ഒരു ബുദ്ധിമുട്ടുമില്ല. ഇത് ഞങ്ങള്‍ അല്ലെങ്കില്‍ നമ്മളുടെ പാട്ടാണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും സംതൃപ്തിയായ ട്യൂണ്‍ മാത്രമേ വര്‍ക്ക് ചെയ്യൂ. ഗ്രൂപ്പിലൂടെയുള്ള സംഭാഷണങ്ങളിലൂടെയാണ് പാട്ടിന്റെ ഫൈനല്‍ സ്ട്രക്ച്ചറിലേക്ക് പോകുന്നത്.ഓര്‍ക്കസ്‌ട്രേഷനും കാര്യങ്ങളുമൊക്കെ അതിന് ശേഷമാണ് നടക്കുന്നത്.പാട്ട് ഉണ്ടാക്കുന്ന കാര്യത്തില്‍ ടെക്‌നോളജി തന്നയൊണ് നമ്മളെ മുമ്പോട്ട് കൊണ്ടുപോകുന്നത്.

  • ഒരോരുത്തരുടെയും സട്രെംഗ്ത് എന്തൊക്കെയാണ്…?

എല്‍ദോസ്- ബിബി നല്ല വോക്കലിസ്റ്റാണ്. കൂടാതെ ലിറിക്‌സും ചെയ്യും. അത്യാവശ്യം കീബോര്‍ഡ്‌സും കൈകാര്യം ചെയ്യും. ജസ്റ്റിനും നല്ലൊരു വോക്കലിസ്റ്റും ഗിറ്റാറിസ്റ്റുമാണ്. ജിം ഗിറ്റാറും കീബോര്‍ഡും വായിക്കും. പ്രൊഫഷണലി നല്ല സൗണ്ട് എന്‍ജിനിയറുമാണ്. ഞാന്‍ അത്യാവശ്യം ലിറിക്‌സ് ചെയ്യും. പിന്നെ ചെറിയ രീതിയില്‍ റാപ് സിംഗിങ്ങൊക്കെ ചെയ്യും.

ബിബി മാത്യു-ഞങ്ങളുടെ എല്ലാ സോംഗിലും എല്‍ദോസ് തന്നെയാണ് റാപ് ചെയ്യുന്നത്… ഇനി വരാന്‍ പോകുന്ന രണ്ട് ചിത്രത്തില്‍ എല്‍ദോസ് ചെയ്ത് വെച്ചിട്ടുണ്ട്.

  • മ്യൂസിക്ക് റെക്കോര്‍ഡിംഗിന്റെ ശൈലികളെല്ലാം പണ്ടത്തെക്കാലത്ത് നിന്ന് ഇപ്പോള്‍ ഒരുപാട് മാറി. സൗണ്ട് എന്‍ജിനിയറിംഗ് പുറത്തുപോയി പഠിച്ച ആളെന്ന രൂപത്തില്‍ എങ്ങനെയാണ് ജിം ഇതിനെ നോക്കിക്കാണുന്നത്…?

ജിം ജേക്കബ് – 2007 ലാണ് ഞാന്‍ സൗണ്ട് എന്‍ജിനിയറിംഗ് ചെയ്യുന്നത്.അന്നത്തെ സാഹചര്യത്തില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് വ്യത്യാസമുണ്ട്. നമ്മുടെ നാട്ടില്‍ സ്റ്റുഡിയോസിലുള്ള ഉപകരണങ്ങള്‍ വളരെ ഓള്‍ഡ് സ്‌റ്റൈലില്‍ തന്നെയാണുള്ളത്. അക്കാലത്ത് നമ്മുടെ നാട്ടില്‍ ഇൗ ഉപകരണങ്ങളുടെ ലഭ്യത കുറവുണ്ടായിരുന്നു. ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലൊക്കെ അവിടെ തന്നെ ഉണ്ടാക്കുന്ന പ്രൊഡക്ടുകളുണ്ടാവും. അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക്, അവിടെ നിന്ന് ലോകത്തിന്റെ ഭാഗങ്ങളിലേക്കൊക്കെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകളൊന്നുമില്ല. അത് കൊണ്ട് തന്നെ അവിടങ്ങളിലെ സ്റ്റുഡിയോ വളരെ സജ്ജീകരിച്ചതായിരിക്കും. ലോകത്തിലെ എറ്റവും മികച്ച സൗണ്ട് എന്‍ജിനിയറിംഗ് കോളേജിലാണ് ഞാന്‍ പഠിച്ചത്. വളരെ എക്‌സ്പീരിയന്‍സ്ഡായിട്ടുള്ള ടീച്ചേഴ്‌സാണ് അവിടെ പഠിപ്പിച്ചിരുന്നത്. 2016 ലേക്ക് ഇറങ്ങുമ്പോള്‍ ഏറ്റവും കിട്ടാവുന്ന ‘അപ്‌ഡേറ്റഡ് സോഫ്റ്റ്‌വെയര്‍’, ‘ഹാര്‍ഡ് വെയര്‍’ വേര്‍ഷന്‍സൊക്കെ അവിടെ നിന്ന് പഠിക്കുന്നുണ്ട്. അവിടെ പഠിപ്പിച്ചിട്ടുള്ള ആശയങ്ങള്‍ വെച്ചിട്ടാണ് ഞാന്‍ നാട്ടിലേക്ക് വരുന്നത്. നാട്ടിലേക്ക് വന്നപ്പോള്‍ ഞാന്‍ ഒരു സ്ഥലത്ത് പഠിപ്പിക്കാന്‍ കയറി. ഇവിടുത്തെ കുട്ടികളെ പഠിപ്പിക്കുന്ന രീതിയും ഉപകരണങ്ങളും കണ്ടിട്ട് എനിക്ക് സങ്കടം വന്നു. കാരണം അവര്‍ക്ക് അടിസ്ഥാനപരമായി ഒന്നും കിട്ടുന്നില്ല… നമ്മള്‍ പഠിച്ച കണ്‍സപ്റ്റ് കൊണ്ടാവാം എനിക്കതെല്ലാം കുറവായിട്ട് തോന്നിയത്. അങ്ങനെ സ്വന്തമായി നമുക്കൊരു സ്റ്റുഡിയോ അല്ലെങ്കില്‍ കോളേജ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. അതിന്റെ ഫലമായിട്ടാണ് കൊച്ചിയില്‍ നോയിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് (എന്‍.എച്ച്.ക്യു) എന്ന സ്റ്റുഡിയോ സ്ഥാപിച്ചത്… അവിടേയ്ക്ക് വേണ്ട ഉപകരണങ്ങളെല്ലാം ഞങ്ങള്‍ പുറത്തുനിന്നാണ് ഇറക്കുമതി ചെയ്തത്.വളരെ അഭിമാനത്തോട് കൂടി ഞങ്ങള്‍ പറയും കേരളത്തില്‍ സൗണ്ടിംഗിന്റെ അല്ലെങ്കില്‍ സ്റ്റുഡിയോസിന്റെ ക്വാളിറ്റി, സ്‌റ്റൈല്‍ എന്നിവ മാറ്റിയത് ഞങ്ങളാണെന്ന്. അത്‌കൊണ്ട് ഞങ്ങള്‍ക്കുണ്ടായ ഗുണം നമ്മള്‍ ‘ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങാതെ ഇന്‍ഡസ്ട്രി നമ്മളുടെ അടുത്ത് വന്നു’ എന്നതാണ്. റെക്കോര്‍ഡിംഗും മിക്‌സും മാസ്റ്ററിഗും എല്ലാം കൂടെ മുന്നൂറോളം സിനിമകള്‍ ഇവിടെ ചെയ്തു. കൂടാതെ സൗണ്ട് എന്‍ജിനിയറിംഗ് പഠിപ്പിക്കുന്നുമുണ്ട്. ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ട്.