
28 ശതമാനം ജനപ്രീതിയോടെ IMDb-യുടെ ‘Most Anticipated Indian Movies’ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഗീതു മോഹൻദാസ് ചിത്രം ടോക്സിക്. മൂത്തോൻ, ലയേഴ്‌സ് ഡൈസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാഷ് നായകനായെത്തുന്ന ചിത്രത്തിന്റെ ടീസർ പോലും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.
മാസ്സും ആറ്റിട്യൂഡും നിറഞ്ഞ ‘രായ’ എന്ന കഥാപാത്രമായി യാഷ് ചിത്രത്തിലെത്തുന്നത്. യാഷിന്റെ മുൻ ചിത്രങ്ങളായ കെ.ജി.എഫ് ചാപ്റ്റർ 1, 2 എന്നിവ കേരളാ ബോക്സ് ഓഫീസിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ രാജീവ് രവി ഈ ചിത്രത്തിലൂടെ വീണ്ടും ഗീതു മോഹൻദാസിനൊപ്പം ചേരുന്നുവന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്യും.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്‌മിണി വസന്ത്, താര സുതാരിയ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രവി ബസൂർ സംഗീതവും ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വലിയ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിനായി അണിയറയിൽ ഒരുങ്ങുന്നത്. ‘ജോൺ വിക്ക്’ സിനിമകളിലൂടെ പ്രശസ്‌തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ ആക്ഷൻ ഡയറക്ടർമാർ അൻബരിവ്, കെച്ച കംഫക്‌ഡി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി. ഇന്ത്യൻ ആക്ഷൻ ശൈലിയെയും അന്താരാഷ്ട്ര നിലവാരത്തെയും കൂട്ടിയിണക്കുന്ന മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്സ്.
കെ.വി.എൻ പ്രൊഡക്ഷൻസിൻ്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്‌സിക്’, 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്വ പ്രമാണിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.