നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിയ്‌ക്കെതിരെ സര്‍ക്കാരും

','

' ); } ?>

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്ക് എതിരെ നിലപാടെടുത്ത് സര്‍ക്കാര്‍. കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും അതിനാല്‍ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിചാരണക്കോടതി പ്രോസിക്യൂഷനെ അവഗണിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചു. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങള്‍ പോലും പരിഗണിക്കാത്ത സാഹചര്യമാണുള്ളത്. വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കോടതി സ്വമേധയാ തീരുമാനമെടുത്തു. രഹസ്യവിചാരണ ആയിരുന്നിട്ടും നടിയെ വിചാരണ ചെയ്യുന്ന സമയത്ത് 20 അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. കേസുമായി ബന്ധപ്പെട്ട പല രേഖകളും കോടതി പ്രതിഭാഗത്തിന് നല്‍കുമ്പോള്‍ പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് വിചാരണ സമയത്ത് ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. വാക്കാല്‍ ഉന്നയിച്ചിരുന്നുവെന്നും വിശദമായ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് പോലും കോടതിയില്‍ വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളതെന്ന് നടി കോടതിയില്‍ പറഞ്ഞു. നടിയെ മാനസികമായി പീഡിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകരില്‍ നിന്നുണ്ടായി. ഇത് നിയന്ത്രിക്കാന്‍ വിചാരണക്കോടതി തയ്യാറായില്ലെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.