തരംഗമായി 2.0 യുടെ മേക്കിംഗ് വീഡിയോ

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 വിന്റെ മേക്കിംഗ് വീഡിയോ തരംഗമാകുന്നു. സയന്‍സ് ഫിക്ഷന്‍ ഗണത്തിലെത്തുന്ന ചിത്രം അടുത്തമാസം 29നാണ് തീയേറ്ററിലെത്തുക. ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മറ്റൊരു ഹിറ്റാവും 2.0 നല്‍കുക എന്നതാണ് മേക്കിംഗ് വീഡിയോ നല്‍കുന്ന സൂചന.  അക്ഷയ് കുമാര്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയില്‍ എമി ജാക്സനാണ് നായിക. എ.ആര്‍ റഹ്മാന്റെതാണ് സംഗീതം. 500 കോടി ബജറ്റിലൊരുക്കുന്ന സിനിമ ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കുളള സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ടീസറിനും വന്‍ വരവേല്‍പ്പായിരുന്നു ആസ്വാദക ലോകം നല്‍കിയിരുന്നത്. നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രം അടുത്തമാസം 29ന് തീയേറ്ററിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 1000ത്തില്‍ അധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. രജനികാന്ത് ഇരട്ട വേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗം കൂടിയാണ് 2.0.