സുരേഷ് ഗോപിക്ക് മറുപടിയുമായി ഹരീഷ് പേരടി

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സുരേഷ് ഗോപിക്ക് കടുത്ത മറുപടിയുമായി നടന്‍ ഹരീഷ് പേരടി. രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട ഭരണമാണ് പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നുമായിരുന്നു സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞത്.

ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി രംഗത്തെത്തിയത്. കളമറിഞ്ഞ് കളിക്കണമെന്നും എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നുമാണ് ഹരീഷ് പേരടിയുടെ മറുപടി.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വിമര്‍ശനം.

ഹരീഷിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ..

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം…എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ദമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്…ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും…കളമറിഞ്ഞ് കളിക്കുക.