കവറത്തിയിലെ കടല്‍പ്പരപ്പിന് മുന്നില്‍ നിന്നും ലൂസിഫറിന്റെ അവസാന ഷോട്ട്..

മോഹന്‍ ലാലിനെ നായകനാക്കി പ്രിഥ്വിരാജ് തന്റെ ആദ്യ സംവിധായക വേഷമണിയുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു സദ് വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് പ്രിഥിരാജ്. ട്വിറ്ററില്‍ പങ്കിട്ട തന്റെ ട്വീറ്റിലൂടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്നും കവറത്തി ദ്വീപിലെ കിഴക്ക് ഭാഗത്തെ കടല്‍പ്പരപ്പിന് മുന്നില്‍ വെച്ച് ലൂസിഫറിന്റെ അവസാന രംഗം ഞങ്ങള്‍ ചിത്രീകരിച്ചുവെന്നുമാണ് ട്വിറ്ററില്‍ പങ്കിട്ട തന്റെ പോസ്റ്റിലൂടെ അദ്ദേഹം പറയുന്നത്.തന്റെ ന്യു ഇയര്‍ റിലീസായ നൈന്‍ എന്ന ചിത്രം ഫെബ്രുവരി 7ന് തിയ്യേറ്ററുകളിലെത്താനിരിക്കെയാണ് പ്രിഥ്വിരാജ് ഈ വാര്‍ത്തയുമായെത്തിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ‘സ്റ്റീഫന്‍ നെടുമ്പള്ളി’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്‌റ്റോറിയുമായാണ് ലൂസിഫറെത്തുന്നത്.

മഞ്ജു വാര്യരാണ് നായിക. ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയ്, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, നന്ദു, സുനില്‍ സുഖദ, ബാല, വിജയ രാഘവന്‍, സായ് കുമാര്‍, ബാബുരാജ്, ജോയ് മാത്യ, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസില്‍ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു. ദീപക് ദേവാണ് സംഗീതം, ക്യാമറ സുജിത് വാസുദേവ്. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

error: Content is protected !!