ഡല്‍ഹിയില്‍ ബോളിവുഡ് നടിക്ക് നേരെ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണം; ബാഗും ഫോണും കവര്‍ന്നു

ഡല്‍ഹിയില്‍ ബോളിവുഡ് നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു. മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫര്‍ഹീന്‍ പ്രഭാകറാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഠക് ഠക് സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെ ശനിയാഴ്ചയാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്‌നലില്‍ വച്ച് നിര്‍ത്തിയിട്ട നടിയുടെ കാറില്‍ ഇടിക്കാനായി നാലുപേര്‍ ചേര്‍ന്ന കവര്‍ച്ചാസംഘം ശ്രമം നടത്തി. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ നടിയുടെ ഡ്രൈവിങ് മോശമാണെന്നു പറഞ്ഞു തര്‍ക്കിച്ചു. തര്‍ക്കത്തിനിടയില്‍ രൂപയും ഫോണുമെല്ലാം കവര്‍ന്നു. 16000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

റോഡിന് മറുഭാഗത്ത് കിടന്ന കാറില്‍ കയറി കവര്‍ച്ച സംഘം രക്ഷപ്പെട്ടതോടെ നടി റോഡില്‍ ബോധം കെട്ടുവീണു. നടിയുടെ രക്ഷക്കെത്തിയ ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ പോലീസിനെ വിളിച്ച് കവര്‍ച്ചാസംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ നല്‍കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും പോലീസ് പറയുന്നു.