ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളി താരമായി മമ്മൂട്ടി

2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയും. ഫോബ്‌സ് പുറത്തുവിട്ട പട്ടികയില്‍ ആദ്യ അന്‍പതില്‍ ഉള്ള ഏക മലയാളി താരമാണ് മമ്മൂട്ടി. 18 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ വരുമാനം. പട്ടികയില്‍ 49ാം സ്ഥാനത്താണ് മമ്മൂട്ടി. ക്രിക്കറ്റ് താരങ്ങളായ റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി 49ാം സ്ഥാനത്തുള്ളത്. 17.26 കോടിയുമായി 52ാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാര്‍. 17.25 കോടിയുമായി തമിഴ് നടന്‍ ധനുഷും 16.96 കോടിയുമായി സുരേഷ് റെയ്‌ന 55ാം സ്ഥാനത്തുമാണ്.

മമ്മൂട്ടിയെക്കൂടാതെ മലയാളിയായ നയന്‍താരയും ലിസ്റ്റിലുണ്ട്. 69ാം സ്ഥാനത്താണ് നയന്‍താര. 15.7 കോടിയാണ് നയന്‍ താരയുടെ വരുമാനം. എന്നാല്‍ മലയാളി താരങ്ങളുടെ പട്ടികയിലല്ല നയന്‍താരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പട്ടികയിലെ ഏക മലയാളി താരപദവി അലങ്കരിക്കുകയാണ് മമ്മൂട്ടി. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനമാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സ്വന്തമാക്കി. 253. 25 കോടിയാണ് സല്‍മാന്‍ ഖാന്റെ വരുമാനം. കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ വരുമാനം. അക്ഷയ് കുമാര്‍ 185 കോടിയുമായി മൂന്നാംസ്ഥാനത്തും 112.8 കോടിയുമായി ദീപിക പദുകോണ്‍ നാലാം സ്ഥാനത്തുമുണ്ട്. 101.77 കോടി വരുമാനമുള്ള എംഎസ് ധോണി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. തമിഴ് നടന്‍ വിജയ് സേതുപതി 23.67 കോടിയുമായി 34ാം സ്ഥാനവും 36.5 കോടിയുമായി പിവി സിന്ധു 20ാം സ്ഥാനവും 50 കോടിയുമായി രജനീകാന്ത് 14ാം സ്ഥാനവും അലങ്കരിക്കുന്നു.