‘മതമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെങ്കില്‍,നിങ്ങള്‍ ഇവിടേക്ക് പറ്റിയ ആളല്ല’-വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്

മതവിശ്വാസത്തിനു തടസ്സമാകുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം സൈറ വസീം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. സൈറ വസീമിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. മതമാണ് അഭിനയത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെങ്കില്‍ സൈറ ഈ മേഖലയ്ക്ക് പറ്റിയ ആളല്ലെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

”ഇത് നിങ്ങളുടെ ജീവിതമാണ്. ഇഷ്ടമുള്ളത് എന്തായാലും നിങ്ങള്‍ക്ക് ചെയ്യാം. നിങ്ങളുടെ ഭാവിയില്‍ നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ കലയും നമ്മുടെ തൊഴിലും നമ്മുടെ ജീവിതമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ നിന്ന് നമ്മള്‍ മതത്തെ മാറ്റി നിര്‍ത്താന്‍ പോരാടണം. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ ഇതിന് പ്രേരിപ്പിച്ചതെങ്കില്‍ നിങ്ങള്‍ ഇവിടേക്ക് പറ്റിയ ആളല്ല” എന്നാണ് സൈറ വസീമിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.

അഭിനയം ഉപേക്ഷിക്കാനുള്ള തീരുമാനം സമൂഹമാധ്യമത്തിലൂടെയാണ് സൈറ പ്രഖ്യാപിച്ചത്. സിനിമയിലൂടെ പ്രശസ്തി ലഭിച്ചെങ്കിലും അഭിനയം തന്നെ വിശ്വാസത്തില്‍നിന്നു വേര്‍പെടുത്തിയെന്നാണ് സൈറ പറയുന്നത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു.