മുന്തിരിമൊഞ്ചന് സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു രംഗം.. ഷൂട്ടിംഗിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണര്‍. കഥയിലേക്ക് കടക്കുന്ന നിര്‍ണ്ണായക സീനാണ്.. പെര്ഫെക്ഷന് പരമാവധി വേണം.. ഈ കിണറ്റിലേക്ക് ആണ് അഖില അവതരിപ്പിക്കുന്ന കഥാപാത്രം ചാടേണ്ടത്..! ക്യാമറമാന് ഷാന്‍ മുകളില്‍ നിന്നുള്ള ഷോട്ട് എടുക്കാന്‍ റെഡി ആയി നിന്നു..
അഖില കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി. സ്റ്റണ്ട് മാസ്റ്റര്‍ അഷ്റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് അവളെ അരികിലേക്ക് വിളിച്ചു. ക്രെയിന്‍ റെഡിയായി നില്‍ക്കുന്നുമുണ്ട്. കിണറ്റിലേക്ക് ഒന്നുകൂടി നോക്കി അഖില എന്ന പറഞ്ഞു ”കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം..!” ഗുരുക്കള്‍ അഖിലയെ അത്ഭുതത്തോടെ ഒന്ന് നോക്കി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്സ് ഡിഗ്രി വിദ്യാര്‍ഥിനി ആയ, കൗമാരം കടന്നിട്ടില്ലാത്ത അഖില അപ്പോഴും കൂളായി മൂളി..
എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ അവള് ചാടി, കിണടിനടിയില് വിരിച്ച ബെഡിലേക്ക് വീണു. സീന്‍ പെര്‍ഫെക്ട് ആയെങ്കിലും കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് പെര്‍ഫെക്ട് ആവാന്‍ പിന്നെയും സമയം എടുത്തു. കിണറിനടിയില്‍ നിന്നുള്ള മൂന്നു ഷോട്ടിലും അഖില ചാട്ടം ആവര്‍ത്തിച്ചു. ഇതിന്റെ കണ്ടിന്യൂ ഷോട്ടിനുവേണ്ടി കായല്‍ വെള്ളത്തിലേക്കും അവള് കൂളായി ചാടി. അന്ന് കൂടെ അഭിനയിച്ച സലീംകുമാര്‍ തമാശയായി പറഞ്ഞു ”കുട്ടി ന്യൂജന്‍ ഒക്കെയാ.. സമ്മതിച്ചു. പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ”
അഭിനയം സ്വപ്നമായി കൊണ്ടുനടക്കുന്ന അഖില പഠിച്ചതും വളര്‍ന്നതുമൊക്കെ ദുബായില്‍ ആണ്. ആ താല്പര്യം കൊണ്ട് മാത്രമാണ് ക്രൈസ്റ്റ് കോളജില്‍ ആ വിഷയം തിരഞ്ഞെടുത്തത്. നല്ലൊരു നര്‍ത്തകി കൂടിയായ ഈ പുതുമുഖ താരം മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും ചാടാം എന്ന് കള്ളച്ചിരി പൊഴിച്ച് പറയുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രത്തിലും മികച്ചൊരു വേഷവുമായി അഖില എത്തുന്നുണ്ട്. പഠനത്തെ ബാധിക്കാത്ത രീതിയില്‍ അഭിനയം മുന്നോട്ട് കൊണ്ടുപോകാനാണ് സ്വപ്നം. ഈ 25 ന് മുന്തിരിമൊഞ്ചന് റിലീസാവുകയാണ്. അഭിനയത്തിന്റെ ആഴങ്ങളിലേക്കുള്ള ആ കയറുകെട്ടാത്ത ചാട്ടം നിങ്ങള്‍ക്കും അന്ന് കാണാം…