
തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയായ യുവനടി അഞ്ജു കൃഷ്ണ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. ചെന്നൈ പൊലീസിൻ്റെ ആൻ്റി-നാർക്കോട്ടിക് ഇൻ്റലിജൻസ് യൂണിറ്റ് (ANIU) നടത്തിയ പരിശോധനയിലാണ് അഞ്ജു അറസ്റ്റിലാകുന്നത്. അഞ്ജുവിനെ കൂടാതെ തമിഴ് സിനിമയിലെ സഹ സംവിധായിക വിൻസി നിവേദയും ഉൾപ്പടെ ഏഴുപേർ പിടിയിലായിട്ടുണ്ട്.
നേശപ്പാക്കം സ്വദേശി വിഘ്നേശ്വരനെ (33) പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വ്യാജ ഉപഭോക്താക്കളായി എത്തി നടി അടക്കമുള്ള കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലഹരിമരുന്ന് കൈമാറാനെത്തിയ സംഘത്തെ ഉപഭോക്താക്കളെന്ന വ്യാജേനയെത്തി പൊലീസ്,പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് മെത്താം ഫെറ്റാമൈൻ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, 9 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. എല്ലാവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചെന്നൈ നഗരത്തിൽ ലഹരിമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന.
കേസിൽ അറസ്റ്റിലായ ഓരോ പ്രതിയുടെയും പങ്ക് വ്യക്തമാവാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. കൂടുതല്‍ പേര് ഈ ലഹരി സംഘത്തിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജുവിന് ഇൻസ്റ്റാഗ്രാമിൽ 23.6K ഫോളോവേഴ്സുണ്ട്. മോഡലിംഗ് ചിത്രങ്ങൾ സ്ഥിരമായി ഇന്‍സ്റ്റയില്‍ താരം പങ്കുവെക്കാറുണ്ട്. അഞ്ജു കൃഷ്ണ ജോജുവിൻ്റെ ‘ആരോ’ എന്ന സിനിമയിലും ‘വെള്ളിമലൈ’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് . ഒരു ടെലിവിഷന്‍ പരമ്പരയിലൂടെയും അഞ്ജു കൃഷ്ണ ശ്രദ്ധേയയാണ്. തൃശ്ശൂർ സ്വദേശിയായ അഞ്ജു മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്.