
സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തു എസ് സിനിമാ രംഗത്തേക്ക്. ”ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ് ” എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് വെച്ച് നടന്നു. നിലവില്‍ സൈലത്തിന്റെ സിഇഒ എന്ന നിലയില്‍ പ്രവര്‍ത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും ചുവടുവെയ്ക്കുന്നത്.
പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു.ഡിജിറ്റല്‍ സ്‌പേസില്‍ ഉള്‍പ്പെടെ കാണികളെ രസിപ്പിക്കുന്ന മികച്ച സിനിമകളും, ഡിജിറ്റല്‍ കണ്ടന്റ്‌റുകളും നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റിന് തുടക്കം കുറിച്ചിരിക്കുന്നത്. മുന്‍നിര താരങ്ങളും സംവിധായകരും ഒരുമിക്കുന്ന ആറോളം സിനിമകളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ചില ബിഗ് ബജറ്റ് സിനിമകള്‍ക്കായുള്ള ആശയങ്ങളും പരിഗണനയിലുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനികളില്‍ ഒന്നാണ് സൈലം ലേണിംഗ് 29 കാരനായ ഡോ. അനന്തു കോഴിക്കോട് ആസ്ഥാനമായി സ്ഥാപിച്ച ”സൈലം” എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്.