അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊന്നാകെ യുവതരംഗമായി മാറിയ താരമാണ് വിജയ് ദേവര്‍ക്കൊണ്ട. തന്റെ ആദ്യ ചിത്രത്തിന്റെ ഹാങ്ങ് ഓവര്‍ പ്രേക്ഷകരില്‍ നിന്ന് വിട്ട് മാറുന്നതിന് മുമ്പ് വിജയ് തന്റെ അടുത്ത റൊമാന്റിക് ഡ്രാമയുമായി എത്തുകയാണ്. ബാഹുബലിയ്ക്കും ഡിയര്‍ കൊമ്രേഡിനും ശേഷം ഒരേ ദിവസം നാലു ഭാഷകളിലായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വേള്‍ഡ് ഫേമസ് ലവര്‍ ആണ് വിജയുടെ അടുത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന്. പല്ലവി റിലീസിന്റെ ബാനറില്‍ ചിത്രം മലയാളത്തിലെത്തിക്കുന്നത് സജിത്ത് പല്ലവിയാണ്. യതാര്‍ത്ഥ ചിത്രത്തോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു ഡബ്ഡ് വേര്‍ഷനാണ് പല്ലവി റിലീസസ് ചിത്രത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത്.
മലയാളം ഡബ്ബ്ഡ് വേര്‍ഷനില്‍ വിജയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശങ്കര്‍ ലാല്‍ ആണ്. റാഷി ഖന്ന, കാതറിന്‍ ട്രെസ, ഐശ്വര്യ രാജേഷ്, എന്നിങ്ങനെ നാല് നായികമാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റാഷി ഖന്ന, കാതറിന്‍ ട്രെസ, ഐശ്വര്യ രാജേഷ് എന്നിവര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ദിവ്യ, അഞ്ചു, പാര്‍വതി എന്നിവരാണ്. ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത മലയാളി സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സാന്നിധ്യമാണ്.
പേര് പോലെ തന്നെ ചിത്രത്തില്‍ ഒരു പ്രേമരോഗിയായ ഹീറോ ആയാണ് വിജയുടെ വരവ്. സമൂഹത്തിലെ പല തട്ടുകളിലായി പല ജീവിതശൈലികളുമായി ജീവിക്കുന്ന 4ാളം നായികമാരോടൊപ്പമാണ് വിജയ് ചിത്രത്തിലെത്തുന്നത്. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തേ തന്നെ ടൈറ്റിലിലെ പ്രത്യേകതകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 3 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ക്രാന്തി ചിത്രത്തിലൂടെ സംവിധായക വേഷമണിയുന്നത്. ഈ വര്‍ഷം വാലന്റൈന്‍സ് ഡേക്ക് ചിത്രം തിയറ്ററുകളിലെത്തും.