”ഇതെന്റെ ചെറിയ സമ്മാനം” കൊറോണയെത്തുരത്തുന്നവര്‍ക്ക് 1കോടി വാഗ്ദാനവുമായി ജാക്കി ചാന്‍

2019 ഡിസംബര്‍ മാസത്തോടെയാണ് ചൈനയിലെ വുഹാന്‍ സിറ്റിയില്‍ നിന്നും കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്. ഇതിനോടകം 1000ത്തില്‍ പരം ജീവനെടുത്ത മാരക വ്യാധിയെ ഇല്ലാതാക്കാനുള്ള പരിശ്രമത്തില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രഞ്ജര്‍ തയ്യാറെടുക്കവേ കൊറോണ വൈറസിന് പ്രതിവിധിയുമായെത്തുന്നവര്‍ക്ക് തന്റേതായ വാഗ്ദാനവുമായെത്തിയിരിക്കുകയാണ് നടന്‍ ജാക്കി ചാന്‍. കൊറോണയെ ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപയാണ് (1 മില്യണ്‍ യുവാന്‍) അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.

‘ശാസ്ത്രവും സാങ്കേതികവിദ്യയും വൈറസിനെ മറികടക്കുന്നതില്‍ പ്രധാനമാണ്, എന്നെപ്പോലെ തന്നെ പലര്‍ക്കും ഒരേ ചിന്തയുണ്ടെന്നും എത്രയും വേഗം ഒരു മറുമരുന്ന് വികസിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു ” താരം പ്രഖ്യാപിച്ചു. ‘എനിക്ക് ഇപ്പോള്‍ ഒരു ‘നിഷ്‌കളങ്ക’ ആശയം ഉണ്ട്. ഏത് വ്യക്തിയോ ഓര്‍ഗനൈസേഷനോ മറുമരുന്ന് വികസിപ്പിച്ചാലും, അവര്‍ക്ക് 1 ദശലക്ഷം യുവാന്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”.

കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിനകം തന്നെ ദുരിതാശ്വാസമായി ചൈനയിലേക്ക് വലിയ തുക താരം കൈമാറിയിട്ടുണ്ട്. അതേ സമയം താരത്തിന്റെ തന്നെ ‘വാന്‍ഗാര്‍ഡ്’ എന്ന ചിത്രത്തിന്റെ റിലീസിനെയും കൊറോണ വൈറസ് പടര്‍ച്ച ബാധിച്ചിട്ടുണ്ട്. യു എ ഇയില്‍ കഴിഞ്ഞ മാസം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഡെയ്റ്റുകള്‍ പിന്നീട് പകര്‍ച്ച വ്യാധി പടര്‍ന്ന സാഹചര്യത്തില്‍ നീന്നും മാറ്റിയിരുന്നു. ഇപ്പോള്‍ ചൈനയിലും ഫിലിപ്പീന്‍സിലും ഉണ്ടായ ഓരോ മരണങ്ങള്‍ അടക്കം 910 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. 6500 രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.