
സൗത്ത് ഇന്ത്യൻ സിനിമകളിലെ കാസ്റ്റിങ് കൗച്ച് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും മുഴുവൻ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിന്റെയും പ്രതിഫലനമല്ലെന്നും വ്യക്തമാക്കി നടി ഫാത്തിമ സന ഷെയ്ഖ്. സൗത്ത് ഇന്ത്യൻ സിനിമകളിലെ കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് നടത്തിയ മുൻ പ്രസ്താവനകൾക്ക്, വിശദീകരണം നൽകുകയായിരുന്നു താരം. കൂടാതെ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആ ഒരു അനുഭവത്തിൽ നിന്നും കരകയറിയെന്നും, തന്നോട് അപമര്യാദയായി പെരുമാറിയത് ഒരു ചെറുകിട പ്രൊഡ്യൂസർ മാത്രമാണെന്നും ഒരു ഇൻഡസ്ട്രിയെ മൊത്തം കരിവാരി തേക്കേണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘എനിക്ക് കാര്യങ്ങൾ വ്യക്തമാക്കിയാൽ കൊള്ളാമെന്നുണ്ട്. ഇതെല്ലാം ഒരു തെറ്റിദ്ധാരണയാണ്. മുഴുവൻ സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയും അങ്ങനെയാണന്നല്ല ഞാൻ പറഞ്ഞത്, ഒരു അനുഭവത്തെ കുറിച്ചാണ്. ഞാൻ അതിനെകുറിച്ച് പറഞ്ഞപ്പോൾ തന്നെ വലിയ കാര്യമായി അത് മാറി. അതിന്റെ ആവശ്യമില്ലായിരുന്നു.’ ഫാത്തിമ സന ഷെഷ്ഖ് പറഞ്ഞു.
നിർഭാഗ്യവശാൽ ഒരുപാട് ഇൻഡസ്ട്രിയിൽ ഇത്തരം അനുഭവങ്ങൾ സാധാരണമാണെന്ന് ഫാത്തിമ പറഞ്ഞു. ‘എല്ലാ സ്ത്രീകളും ഇതിലൂടെ കടന്നുപോകുന്നു. വ്യത്യസ്ത ഫീൽഡുകളിലും ഇൻഡസ്ട്രികളിലും ഇക്കാര്യങ്ങൾ നടക്കുന്നുണ്ട്. എന്റെ വാക്കുകൾ മറ്റൊരു രീതിയിൽ വളച്ചൊടിക്കപ്പെട്ടത് എന്തിനാണെന്ന് എനിക്ക് അറിയില്ല. അങ്ങനെ ചെയ്യുന്നത് എന്തിനാണ്? ഞാൻ നടന്ന കാര്യമാണ് പറഞ്ഞത്. അതിനെ ഞാൻ കൈകാര്യം ചെയ്യുകയും അതിൽ നിന്ന് കരകയറുകയും ചെയ്തു,’ ഫാത്തിമ സന കൂട്ടിച്ചേർത്തു.