എന്റെ സിനിമയിലടക്കം പല സിനിമകളിലും സ്ത്രീകളെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്; അജിത് കുമാർ

','

' ); } ?>

താൻ അഭിനയിച്ച സിനിമകളിലടക്കം പല സിനിമകളിലും സ്ത്രീകളെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി നടൻ അജിത് കുമാർ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നീണ്ട പത്തു വർഷത്തിന് ശേഷമാണ് അജിത്ത് ഒരു അഭിമുഖം നൽകുന്നത്. തന്റെ റേസിംഗ് കരിയറിനെക്കുറിച്ചും സിനിമാജീവിതത്തക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് താരത്തിന്റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചുള്ള അഭിപ്രായം.

ചില ചിത്രങ്ങളിലൊക്കെ ഒരു വില്ലൻ കഥാപാത്രം നായികയോട് അപമര്യാദയായി പെരുമാറിയാൽ, അവൾ അവനെ അടിച്ചെന്ന് വരും, അല്ലെങ്കിൽ നായകൻ വന്നു രക്ഷിക്കും, എന്നാൽ അതേ പ്രവൃത്തി നായകൻ തന്നെയാണ് ചെയ്യുന്നതെങ്കിൽ അവൾ അന്ന് രാത്രി അവനുമായി ഡ്യൂയറ്റ് ഗാനം സ്വപ്നം കാണുന്നതാണ് പതിവ്” അജിത് കുമാർ പറയുന്നു.മുൻപ് താൻ അഭിനയിച്ച സിനിമകളിൽ പോലും സ്റ്റോക്കിങ് (സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടരുന്ന പ്രവൃത്തി) വളരെ സർവസാധാരണമായി ചിത്രീകരിച്ചിട്ടുള്ളതിൽ ഖേദമുണ്ടെന്നും, അതിനുള്ള കുറ്റബോധവും തിരുത്തൽ നടപടിയുമായിട്ടാണ് താൻ ‘പിങ്ക്’ എന്ന ചിത്രം റീമേക്ക് ചെയ്തതെന്നും, ഇനി അത്തരം ചിത്രങ്ങൾ അഭിനയിക്കാതിരിക്കാൻ പ്രത്യേകമായി കരുതുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.അമിതാഭ് ബച്ചൻ ചിത്രം പിങ്കിന്റെ റീമേക്കായി 2019ൽ പുറത്തിറങ്ങിയ ‘നേർക്കൊണ്ട പാർവേയ്‌’ എന്ന ചിത്രത്തിൽ റേപ്പിനിരയായ പെൺകുട്ടികൾക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകന്റെ വേഷമാണ് അജിത് കുമാർ ചെയ്തത്. അജിത് കുമാറിന് രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിന്റെ ഓഡിയോ പതിപ്പ് മാത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

അത് പോലെ തന്നെ രാഷ്ട്രീയത്തോടുള്ള നിലപാടും അജിത്ത് വ്യക്തമാക്കിയിരുന്നു. ‘എനിക്ക് പൊളിറ്റിക്‌സിൽ വലിയ താല്പര്യം ഇല്ല. എന്റെ സഹപ്രവർത്തകർക്ക് രാഷ്ട്രീയത്തിൽ താല്പര്യം ഉള്ളത് അവരുടെ വ്യക്തിപരമായ കാര്യമാണ്. ഞാൻ അവർക്ക് ആശംസകൾ നേരുന്നു. ജനാധിപത്യം എന്ന് പറയുന്നത് ജനങ്ങൾ അവരുടെ ലീഡറിനെ തിരഞ്ഞെടുക്കുന്നതാണല്ലോ.
അതുകൊണ്ട് തന്നെ ഞാൻ എന്റെ സഹപ്രവർത്തകരെ മാത്രമല്ല, ആര് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയാലും അവര്‍ക്കെല്ലാം ആശംസകള്‍ നേരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങി ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് ഒരാൾ വിശ്വസിക്കുന്നത് വലിയ കാര്യമാണ്. അതിന് വലിയ ധെെര്യവും വേണം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ 100 ശതമാനവും ധൈര്യശാലികൾ ആയിരിക്കും,’ അജിത് പറഞ്ഞു.
അതേസമയം, കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പത്മ ഭൂഷൺ വാങ്ങി തിരിച്ച് ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം. എന്നാൽ നടനോ അദ്ദേഹത്തിന്‍റെ ടീമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. അജിത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ വിടാമുയർച്ചിയും ഗുഡ് ബാഡ് അഗ്ലിയുമാണ്.

അടുത്തിടെയാണ് തമിഴ് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചത്. രാഷ്ട്രീയത്തിൽ സജീവമായത് സിനിമ വിടുകയാണെന്നും വിജയ് പറഞ്ഞിരുന്നു. ജനനായകൻ എന്ന തന്റെ അവസാന ചിത്രത്തിൻറെ ഷൂട്ടിങിലാണ് വിജയ് ഇപ്പോൾ. തമിഴക വെട്രി കഴകം (ടിവികെ) എന്നാണ് വിജയ് യുടെ പാർട്ടിയുടെ പേര്.