
മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് താരങ്ങൾ. “അമ്മയിൽ ഒരിക്കലും പൊട്ടിത്തെറിയുണ്ടാകില്ലെന്നും, പൊട്ടിത്തെറിക്കാൻ ഇതെന്താ പടക്കക്കടയാണോ” എന്നും രവീന്ദ്രൻ പറഞ്ഞു. കൂടാതെ
“എല്ലാവരിൽ നിന്നും വോട്ട് ഉറപ്പിച്ചിട്ടുണ്ട്. വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. വനിതകൾ, പുരുഷന്മാർ എന്നിങ്ങനെ വേർതിരിവൊന്നുമില്ല ഞങ്ങൾഎല്ലാവരും ഒരു കുടുംബം പോലെ ആണ്”. രവീന്ദ്രൻ കൂട്ടിച്ചേർത്തു. നേരത്തെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച രവീന്ദ്രൻ പിന്നീട് പിൻവലിച്ചിരുന്നു. ഇപ്പോൾ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തന്റെ പത്രിക മനഃപൂർവം തള്ളിയതാണെന്നും പത്രിക തള്ളിയതിലെ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാവർക്കും മനസ്സിലാകുമെന്നും നടൻ ജോയ് മാത്യു പ്രതികരിച്ചു. ആരോപണ വിധേയർ മത്സരിക്കുന്നതിന് തടസമില്ലെന്ന് പറഞ്ഞതിന് പിണങ്ങളെ ജോയ് മാത്യുവിന്റെ പത്രിക സംഘടന തള്ളിയിരുന്നു. അതേ സമയം ഇത്ര വലിയ ആരോപണ പ്രത്യാരോപണങ്ങൾ ഇതാദ്യമാണ് എന്നും ഇങ്ങനെയൊക്കെ ഉണ്ടെന്ന് നേരത്തെ അറിഞ്ഞാൽ തെരഞ്ഞെടുപ്പിൽ നിൽക്കില്ലായിരുന്നുവെന്നും നടൻ നാസർ ലത്തീഫ് പറഞ്ഞു.
ഇന്ന് രാവിലെ പത്തുമണിയോട് കൂടി പോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ് സമയം. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയായി പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കും. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ള പ്രമുഖർ വോട്ട് രേഖപെടുത്താനെത്തും, ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്നാണ് വിവരം.
അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മിൽ മത്സരം നടക്കും. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയൻ ചേർത്തല,
ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുക്കുന്നത്.
കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാസംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാഅരവിന്ദ്, അഞ്ജലിനായർ എന്നിവരും മത്സരിക്കുന്നുണ്ട്. 506 അംഗങ്ങളുള്ള സംഘടനയിലെ മിക്കവരും തിരഞ്ഞെടുപ്പിന് എത്തുമെന്നാണ് പ്രതീക്ഷ.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെ മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജി വെക്കുകയായിരുന്നു. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് പ്രഖ്യാപനമുണ്ടായത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമുയർന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന കേസ് പോലും ഉയർന്നുവന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെയും ഒരു സംഘം വനിതാ അംഗങ്ങൾ രംഗത്ത് വന്നു.