
അനുഗ്രഹീത കലാകാരൻ സത്യനെ മായം ചേർത്ത് അവതരിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് മകൻ സതീഷ് സത്യൻ. മിമിക്രിയെന്ന പേരിൽ സത്യൻ എന്ന അനശ്വര നടനെ ചിലർ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സത്യൻ സ്മൃതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മിമിക്രിയെന്ന പേരിൽ സത്യൻ എന്ന അനശ്വര നടനെ അപമാനിക്കുകയാണ് ചിലർ. സത്യനെ മായം ചേർത്ത് അവതരിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. ഗുരുത്വമില്ലായ്മയാണ് കാണിക്കുന്നത്.
‘സത്യന്റെ സിനിമകൾ കണ്ടതിനുശേഷം ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകാം. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇതുചെയ്യാൻ തയ്യാറായാൽ അവിടെ നടത്താനും ഞാൻ തയ്യാറാണ്. ഇക്കാര്യത്തിൽ താൻ അവരെ വെല്ലുവിളിക്കുകയാണ്’ സതീഷ് സത്യൻ പറഞ്ഞു.
പരിപാടി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിനു കിരിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.