ഡബ്ല്യുസിസി ഒരേയൊരാള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്, അവര്‍ എന്ത് നല്ല കാര്യമാണ് ചെയ്തത്?..ആഞ്ഞടിച്ച് പൊന്നമ്മ ബാബു

സിനിമാ സംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മലയാളികള്‍ സജീവ ചര്‍ച്ച ചെയ്ത കാര്യമാണ്. ഈ വിഷയത്തില്‍ ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് അമ്മ അംഗം കൂടെയായ നടി പൊന്നമ്മ ബാബു. അമ്മയിലെ വനിത സെല്‍ അംഗം കൂടെയായ പൊന്നമ്മ താരാധിപത്യം യാഥാര്‍ത്ഥ്യമാണെന്നും മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിന്റെ അഹങ്കാരമാണെന്നും തുറന്നു പറഞ്ഞു. ഡബ്ല്യുസിസി മറ്റ് വിഷയങ്ങളില്‍ ഇടപെടാതെ ഒരേയൊരാള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്നും പൊന്നമ്മ കുറ്റപ്പെടുത്തുന്നു. ഡബ്ല്യുസിസിയും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അതിന് പൊന്നമ്മ ബാബു നല്‍കിയ മറുപടിയും താഴെ….

. എ.എം.എം.എ, ഡബ്ല്യു.സി.സി എന്നീ താരസംഘടനകള്‍ സിനിമ മേഖലയിലെ പല പ്രശ്‌നങ്ങളിലും ഇടപെടാറുണ്ട്. എന്താണ് പൊന്നമ്മചേച്ചിക്ക് ഈ കാര്യത്തിലുള്ള നിലപാട്..?

. നിങ്ങള്‍ ചോദിച്ചതുപോലെ എ.എം.എം.എ അല്ല നമ്മുടെ സംഘടന. ഞങ്ങടെ സംഘടനയുടെ പേര് അമ്മ. ഞാനൊക്കെ സിനിമയില്‍ വരുന്നതിന് മുമ്പേ മരിച്ചുപോയ കുറേ വ്യക്തികളുണ്ട്. അവരെല്ലാം കൂടി ചേര്‍ന്ന് ഇട്ടൊരു പേരാണ് അമ്മ. ആ സംഘടന ഞങ്ങള്‍ക്ക് അമ്മ പോലെ തന്നെയാണ്. അതിനെ ഇങ്ങനെ ഓരോ ആള്‍ക്കാര്‍ എ.എം.എം.എ എന്നൊക്കെ വിമര്‍ശിച്ച് കേള്‍ക്കുമ്പോള്‍ ഒരുപാട് വിഷമമുണ്ട്. ജനങ്ങള്‍ക്ക് അമ്മ വഴി എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അറിയില്ല.

. അമ്മയെപ്പോലെ സമാന്തരമായ ഒരു സംഘടനയാണ് ഡബ്ല്യുസിസിയും. അങ്ങനെ സമാന്തരമായ ഒരു സംഘടന ഉണ്ടാവേണ്ട സാഹചര്യം മലയാള സിനിമയില്‍ ഉണ്ടോ…?

. ഇതാദ്യം രൂപീകരിക്കപ്പെട്ടപ്പോഴും ഇന്നും അമ്മ ആ സംഘടനക്ക് എതിരല്ല. കാരണം ഞങ്ങളുടെ സംഘടനയില്‍ത്തന്നെയുള്ളവരാണ് അപ്പുറത്ത് ഇരിക്കുന്നത്. അന്ന് അവര്‍ അത് അമ്മയുടെ മീറ്റിങ്ങില്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിക്കുന്നുണ്ട്. നമ്മള്‍ എല്ലാവരും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചതുമാണ്. കാരണം അവര്‍ ഞങ്ങളുടെ സംഘടനയോടൊപ്പം നില്‍ക്കുകയാണ്. പിന്നീടാണ് നമ്മുടെ സംഘടനക്കെതിരെയൊക്കെ അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത്. പിന്നെ എല്ലാവര്‍ക്കും സ്വന്തമായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്രം ഉള്ള നാടാണ് നമ്മുടേത്. അങ്ങനെ ചിലര്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നു. അത് നല്ലതാണോ ചീത്തയാണോ എന്നുള്ളത് അവരാണ് തീരുമാനിക്കേണ്ടത്. ഞാന്‍ അമ്മയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലേഡിയായിരിക്കേ അവര്‍ പറയുന്ന പല കാര്യങ്ങളും ശരിയല്ല. അതിനകത്ത് എന്തെല്ലാം തീരുമാനിക്കുന്നുണ്ട്. സംഘടനക്ക് പുറത്തുള്ള പെണ്ണുങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ അതിനുള്ളിലുണ്ട് അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കും ഓരോ സംഘടനയുണ്ടാക്കിയാല്‍ പോരേ. അപ്പോള്‍ അതല്ലല്ലോ..ഒരു സംഘടന എന്ന് പറയുന്നതിന് ചില നിയമവശങ്ങളുണ്ട് നിയമാവലിയുണ്ട്. നമ്മളെല്ലാവരെയും പരസ്പരം കാണുകയും സംസാരിക്കുകയും കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന ഒരു സംഘടനയാണിത്.

. സംഘടനയെയും താരാധിപത്യത്തെയും ഭയന്നിട്ടും പുതിയ സിനിമകള്‍ ലഭിക്കില്ലെന്ന കാരണത്താലുമാണ് മറ്റുള്ളവര്‍ അമ്മയില്‍ നിന്ന് മാറാത്തത് എന്നാണ് അവര്‍ പറയുന്നത്. എന്താണ് അതിനോടുള്ള പ്രതികരണം…?

. ഞാന്‍ ചോദിക്കട്ടെ. അമ്മ തുടങ്ങിയിട്ട് എത്ര വര്‍ഷമായ്….? ഇവരൊക്കെ വന്നിട്ട് എത്ര വര്‍ഷമായി….?താരാധിപത്യം എന്ന് പറയാന്‍ സത്യത്തില്‍ അവര്‍ക്ക് ആധിപത്യം തന്നെയല്ലേ?. മമ്മൂക്കയും മോഹന്‍ലാലും സത്യത്തില്‍ നമ്മുടെ അഹങ്കാരമല്ലേ.. മറ്റേതൊരു രാജ്യത്ത് ചെല്ലുമ്പോഴുമൊക്കെ അവരെക്കുറിച്ച് സംസാരിക്കുന്നത് സത്യത്തില്‍ നമുക്ക് ഒരഹങ്കാരമാണല്ലോ. അതാണ് ഞാന്‍ പറയുന്നത് കാര്യങ്ങള്‍ പോസിറ്റീവായി കാണാന്‍ പഠിക്കണമെന്ന്. അവരതിനെ നെഗറ്റീവായിട്ട് കാണുന്നു. ഞാനതിനെ പോസിറ്റീവായിട്ട് കാണുന്നു. അത്രേയുള്ളു അവരും ഞാനും തമ്മിലുള്ള വ്യത്യാസം.

. അമ്മയും പിന്നീട് വനിതാ സെല്‍ രൂപീകരിച്ചില്ലേ?. സിനിമയില്‍ രണ്ട് സ്ത്രീ സംഘടന?

. അയ്യോ നിങ്ങള്‍ തെറ്റിദ്ധരിച്ചതാണത്. രണ്ടുവിഭാഗമല്ല അത്. അമ്മയില്‍ നിന്നും മറ്റൊരു സംഘടന ഉണ്ടായി എന്ന് അവര്‍ പ്രസ്താവിക്കുന്നത് എന്തിനാണ്. സ്ത്രീകള്‍ക്ക് സംരക്ഷണം, സ്ത്രീകളുടെ ഉന്നമനം. അല്ലെങ്കില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരിടം ആണത്. ഇന്നസെന്റ് ചേട്ടന്‍ പ്രസിഡന്റായ സമയത്താണ് ഇത് ആരംഭിക്കുന്നത്. ലാലേട്ടന്‍ പ്രസിഡന്റായപ്പോഴേക്കും അത് ഒന്നുകൂടി രൂക്ഷമായി. ഒരു ജനറല്‍ ബോഡി മീറ്റിങ്ങിനൊന്നും ഒരു സ്ത്രീ എല്ലാ കാര്യവും പറയില്ല. അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും വന്ന് പറയാനും കേള്‍ക്കാനുമായിട്ടാണ് ഒരു രണ്ട് മൂന്ന് ആള്‍ക്കാരെ നിയോഗിച്ചത്. അത് ഞങ്ങളല്ല തീരുമാനിക്കുന്നതും. ഞങ്ങളത് കേട്ടിട്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റിയെ അറിയിക്കും. അവരാണ് അത് തീരുമാനിക്കുന്നത്. അതും അമ്മയെടുത്ത വളരെ നല്ല ഒരു തീരുമാനമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു. എറണാകുളത്തുള്ള എല്ലാവരും ഒരുമിച്ചൊന്ന് കൂടാം എന്ന് വിചാരിച്ച് ഒത്തുകൂടിയ ദിവസമാണ് ന്യൂസ് വരുന്നത്. അന്ന് മീറ്റിങ്ങ് കഴിഞ്ഞതിന് ശേഷമാണ് ന്യൂസ് വരുന്നതും. പക്ഷെ അതിനകത്ത് ഞങ്ങള്‍ അന്ന് സംസാരിച്ചത് വളരെ സൗഹൃദപരമായ കാര്യങ്ങളും മറ്റുമൊക്കെയാണ്. അമ്മ ഇതിലൊരു പ്രതിനിധി എന്നുള്ള രീതിയിലാണ് അന്ന് മീറ്റിങ്ങൊക്കെ ഉണ്ടായത്. അല്ലാതെ പ്രേക്ഷകര്‍ തെറ്റിധരിക്കുന്നപോലെയുണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങളൊക്കെ അത് മനസ്സിലാക്കാണ് ഞാന്‍ ഒന്ന് കൂടി ക്ലിയര്‍ ചെയ്ത് പറയുന്നത്. അമ്മയുടെ പ്രതിനിധി എന്ന രീതിയിലാണ് ഞാനും കുക്കു പരമേശ്വരനും ലളിതച്ചേച്ചിയും ചേര്‍ന്ന് ഒരു സെല്‍ രൂപീകരിക്കുകയും സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് എക്‌സിക്യൂട്ടിവ് മെമ്പേഴ്‌സിനെ അറിയിക്കുകയും ചെയ്യുന്നത്.

. അപ്പോള്‍ സ്ത്രീകള്‍ക്കായി ഒരു വേദി ഒരുക്കാന്‍ ഡബ്ല്യുസിസിയെക്കൊണ്ട് സത്യത്തില്‍ സാധിച്ചില്ലെ…?

. ലേഡീസിന്റെ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അതിനു ശേഷവും അല്ലാതെയും നമ്മളിവിടെ കണ്ടു. അതിലൊന്നും അവരൊന്നും ചെയ്ത് കണ്ടില്ല. അതില്‍ നിന്ന് കാണാത്തതു കൊണ്ടായിരിക്കണമല്ലോ അമ്മയ്ക്കുള്ളില്‍ നിന്ന് ഞങ്ങളെ അവര്‍ നിയമിച്ചത്. എനിക്കൊന്നും തോന്നിയിട്ടില്ല. അവരെന്ത് നല്ല കാര്യമാണ് ചെയ്തത്?. അവര്‍ ഒരേയൊരാള്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളൂ. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണ്‌നീരുമൊക്കെയായിട്ട് മീഡിയ വഴിയും അല്ലാതെയുമൊക്കെയായിട്ട് നിങ്ങള്‍ കാണുന്നില്ലേ.. അതിനൊന്നും ഒരു പരിഹാരം ആരും എടുത്ത് കണ്ടില്ലല്ലോ.. എന്നിട്ടും അമ്മയെ ഉള്ളൂ ഇവിടെ സഹായിക്കാന്‍. അമ്മ അമ്മയുടെ അംഗങ്ങളെ സംരക്ഷിക്കും. എല്ലാ മാസവും വയ്യാത്തവര്‍ക്കായി അമ്മ 5000 രൂപ വീതം പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. ഇന്നൊരാളെക്കൊണ്ട് ഒരാള്‍ക്ക് ഒരു അമ്പത് രൂപ അങ്ങനെ കൊടുക്കാന്‍ സാധിക്കുമോ?. പ്രളയ കാലത്ത് 10ലക്ഷം രൂപ ആദ്യവും പിന്നീട് 40 ലക്ഷവും അമ്മ അടിയന്തര സഹായം നല്‍കി. പിന്നീട് 5 കോടി രൂപ എല്ലാവരും ചേര്‍ന്ന് ദുരിതാശ്വസ നിധിയിലേക്ക് സമര്‍പ്പിച്ചു. ആ ഫണ്ട് ഞങ്ങളെല്ലാവരും ഒത്ത് ചേര്‍ന്ന് സ്‌റ്റേജ് ഷോ ചെയ്ത് ഒരു പൈസപോലും മേടിക്കാതെയാണ് ഉണ്ടാക്കുന്നത്. തിരക്കുള്ള നടന്മാര്‍വരെ ആ സമയം മാറ്റി വെക്കുന്നുണ്ട്. അമ്മയുടെ ഈ ഫണ്ട് ഉപയോഗിച്ച് എത്രയോപേര്‍ക്ക് അമ്മ വീടുവെച്ചുകൊടുക്കുന്നുണ്ട്. എത്രയോ പേരെ സഹായിക്കുന്നു. പിന്നെ അംഗങ്ങളുടെ ആരെങ്കിലും മരിച്ചുപോവുകയാണെങ്കില്‍ അവര്‍ക്കും അമ്മ ധനസഹായങ്ങള്‍ ചെയ്ത് കൊടുക്കാറുണ്ട്. പിന്നെ പത്രത്തിലൊ മീഡിയയിലോ കൊടുത്ത് അത് ബോധിപ്പിക്കേണ്ട കാര്യം അവര്‍ക്കില്ല. കാരണം അവര്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ അവര്‍ക്ക് വിശ്വാസം ഉണ്ട്. ഞാനെന്തെങ്കിലും ഒരു നല്ല കാര്യം ചെയ്താല്‍ അത് പബ്ലിക്കിനെ അറിയിക്കാന്‍ എനിക്ക് ഇഷ്ടമല്ല.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം..