കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാവരുത്,വൈരമുത്തുവിനെതിരെ ഡബ്ല്യുസിസി……

ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിനായി കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധവുമായി ഡബ്ല്യൂസിസി .സാമൂഹ്യനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങളില്‍ കലാ-സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സര്‍ഗ്ഗാത്മക ഇടപെടലുകളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മള്‍. ശ്രീ ഒ.എന്‍.വി.കുറുപ്പ് തന്റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എന്‍.വി ലിറ്റററി അവാര്‍ഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ എന്നും
കല ഒരിക്കലും പീഡനങ്ങള്‍ക്കുള്ള ഒരു മറയാവരുതെന്നും ഡബ്ല്യൂസിസിയുടെ ഫേസ് ബുക്കിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

ഒ.എൻ.വി. കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിനായി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തിരഞ്ഞെടുത്ത തീരുമാനത്തെ WCC ശക്തമായി അപലപിക്കുന്നു. മുൻവർഷങ്ങളിൽ ശ്രീ എം.ടി വാസുദേവൻ നായർ, ശ്രീമതി സുഗത കുമാരി ടീച്ചർ, മഹാകവി അക്കിത്തം, ശ്രീമതി എം. ലീലാവതി എന്നിങ്ങനെ സാഹിത്യത്തിലെ അതുല്യ വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.മലയാളിയുടെ ഭാവനയെയും വിപ്ലവസങ്കൽപ്പങ്ങളെയും ആഴത്തിൽ സ്വാധീനിച്ച കവിയായിരുന്നു ശ്രീ ഒ.എൻ.വി. കുറുപ്പ്. തന്റെ പ്രവർത്തനമേഖലയിലും ഒരു വ്യക്തി എന്ന നിലയിലും മാനുഷിക മൂല്യങ്ങളും സഹാനുഭൂതിയും ഉയർത്തിപ്പിടിച്ച ശ്രീ ഒ.എൻ.വി. കുറുപ്പ് സഹപ്രവർത്തകർക്കും വായനക്കാർക്കും ഒരുപോലെ ആരാധ്യനായിരുന്നു.2018 ഇൽ ആരംഭിച്ച #IndianMeToo മൂവ്‌മെന്റിന്റെ ഭാഗമായി വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമത്തിന്റെ ആരോപണങ്ങളുമായി 17 സ്ത്രീകളാണ് മുന്നോട്ട് വന്നത് – ഇതിൽ ഭൂരിഭാഗവും തൊഴിലിടങ്ങളിൽ നടന്ന അതിക്രമങ്ങളാണ്. ലൈംഗിക അതിക്രമങ്ങൾ നടത്തിയ നിരവധി ആളുകളെ തുറന്ന് കാട്ടുക വഴി, ലോകമെമ്പാടും നിർണ്ണായകമായ പല മാറ്റങ്ങളാണ് #MeToo മൂവ്മെന്റ് കൊണ്ടുവന്നത്. തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന PoSH Act 2013 അടക്കമുള്ള നിയമങ്ങൾ സിനിമ മേഖലയിൽ പ്രാവർത്തികമാവാനും കാരണമായത് #MeToo വെളിപ്പെടുത്തലുകളാണ്.
സാമൂഹ്യനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടങ്ങളിൽ കലാ-സാഹിത്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സർഗ്ഗാത്മക ഇടപെടലുകളെ വിലമതിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണ് നമ്മൾ. ശ്രീ ഒ.എൻ.വി.കുറുപ്പ് തന്റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എൻ.വി ലിറ്റററി അവാർഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നത് പുനരാലോചിക്കണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. സഹപ്രവർത്തകരെ അതിക്രമങ്ങൾക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ?
കല ഒരിക്കലും പീഡനങ്ങൾക്കുള്ള ഒരു മറയാവരുത്!