
സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാരോപിച്ച് ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ് വിപിൻ ദാസ്.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പണം നൽകിയില്ലെങ്കിൽ വിപിൻ ദാസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന് മോശം റിവ്യൂ നൽകുമെന്ന് നിരൂപകൻ ഭീഷണിപ്പെടുത്തുകയായിരുന്നു. വിപിൻ ദാസിനെ കൂടാതെ സിനിമയുടെ അണിയറപ്രവർത്തകരെയും ഈ കാര്യം വിളിച്ചു പറഞ്ഞിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
പണം ആവശ്യപ്പെട്ടെങ്കിലും ആരും പണം നൽകിയിരുന്നില്ല. തുടർന്ന് നിരൂപകൻ പറഞ്ഞപോലെ മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയി ലും പരാതി നൽകിയിട്ടുണ്ടെന്നും കേസിൽ ഇരുവരും കക്ഷിചേരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വിപിൻ ദാസ് പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ബിജിത് വിജയൻ എന്ന ആൾക്കെതിരെയും സിനിഫൈൽ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പിനെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കറാണ് നിര്‍വ്വഹിക്കുന്നത്.