
വൃഷഭ തനിക്ക് വളരെ സ്പെഷ്യലായ ഒരു സിനിമയാണെന്ന് തുറന്നു പറഞ്ഞ് നടൻ മോഹൻലാൽ. വൃഷഭ ചെയ്യുന്നതിനിടയിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടതായി വന്നുവെന്നും, സാധാരണ ഒരു സിനിമയിലുള്ളതിനേക്കാൾ കൂടുതൽ ഇമോഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ ഇതുപോലുള്ളൊരു കഥ താനിതിനുമുന്നെ ചെയ്തിട്ടില്ലെന്നും, ഇത് തനിക്ക് വേണ്ടിയെഴുതിയ കഥയല്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. വൃഷഭയുടെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വൃഷഭ രുപാട് ഇമോഷൻസ് കൂടിച്ചേർന്ന ഒരു ചിത്രമാണ്. വൃഷഭ എനിക്ക് വളരെ സ്പെഷ്യലായ ഒരു സിനിമയാണ്. കാരണം ഇതിലെ കോമ്പിനേഷൻസ് തന്നെ വളരെ രസമാണ്. കന്നഡ സംവിധായകൻ, നോർത്ത് ഇന്ത്യൻ നിർമാതാക്കൾ അതുപോലെ ഒരു മലയാളം നടൻ അങ്ങനെ. ഇതിൽ കുറേ വികാരങ്ങളുണ്ട്. നന്ദ കിഷോർ എന്നോട് ഈ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് കുറച്ച് വ്യത്യസ്തമാണെന്ന് തോന്നി. ഈ സിനിമ ചെയ്യുന്നതിനിടയിൽ ഒരുപാട് പ്രതിസന്ധികൾ ഞങ്ങൾക്ക് തരണം ചെയ്യേണ്ടതായി വന്നു. ഈ സിനിമ ഷൂട്ട് ചെയ്യാൻ ഞങ്ങൾ ഒരുപാട് സമയമെടുത്തു. കാരണം, സാധാരണ ഒരു സിനിമയിലുള്ളതിനേക്കാൾ കൂടുതൽ ഇമോഷൻ രംഗങ്ങൾ ഇതിലുണ്ട്.” മോഹൻലാൽ പറഞ്ഞു.
“ഒരുപാട് വർഷങ്ങളുടെ പിറകിലേക്ക് കഥ പറയുന്ന ഒരു സിനിമ കൂടിയാണ്. രണ്ട് കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്. ഒരുപാട് ആക്ഷൻസും ഇമോഷൻസുമൊക്കെയുണ്ട് സിനിമയിൽ. ഒരു കുട്ടി ജനിക്കുന്നതിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല. അത് എത്രത്തോളം വിജയിക്കും എന്നൊന്നും അറിയില്ല. ഇത് എനിക്ക് വേണ്ടി എഴുതിയ കഥയല്ല”. – മോഹൻലാൽ കൂട്ടിച്ചേർത്തു.
സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്‌സേന, വിനയ് വർമ്മ, ഗരുഡ റാം, അലി, കിഷോർ, തുടങ്ങിയവരും വൃഷഭയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.