“ചിന്തിക്കാതെ സീനുകൾ എഴുതുകയും ചിത്രീകരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായിരുന്നു, പരാജയം തളർത്തി”; വിവേക് ആത്രേയ

','

' ); } ?>

നാനി നായകനായെത്തിയ അണ്ടെ സുന്ദരാനികിയുടെ പരാജയത്തെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ വിവേക് ആത്രേയ. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് സംതൃപ്തി നൽകിയത് അണ്ടെ സുന്ദരാനികി ആണെന്നും, ഒരു സംവിധായകൻ എന്ന നിലയിൽ അണ്ടെ സുന്ദരാനികിയുടെ പരാജയം തന്നെ തളർത്തിക്കളഞ്ഞുവെന്നും വിവേക് പറഞ്ഞു.

സരിപോദാ ശനിവാരം ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചെങ്കിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് കൂടുതൽ സംതൃപ്തി നൽകിയത് അണ്ടെ സുന്ദരാനികി ആണെന്ന് വിവേക് ആത്രേയ പറഞ്ഞു. അണ്ടെ സുന്ദരാനികിയുടെ പരാജയം ഒരു സംവിധായകൻ എന്ന നിലയിൽ തന്നെ തളർത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ആ ചിത്രം വരെ ബോക്സ് ഓഫീസ് കണക്കുകളെക്കുറിച്ച് ചിന്തിക്കാതെ സിനിമയെ സമീപിച്ചിരുന്ന നിഷ്കളങ്കനായ ഒരു സംവിധായകനായിരുന്നു താനെന്നും എന്നാൽ ആ പരാജയത്തിന് ശേഷം താൻ ആശയക്കുഴപ്പത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു സംവിധായകൻ എന്ന നിലയിൽ അണ്ടെ സുന്ദരാനികിയുടെ പരാജയം എന്നെ തളർത്തിക്കളഞ്ഞു. ആ സിനിമ വരെ ബോക്സ് ഓഫീസ് പ്രതികരണത്തെക്കുറിച്ച് ചിന്തിക്കാതെ സീനുകൾ എഴുതുകയും അവ ചിത്രീകരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു സംവിധായകനായിരുന്നു ഞാൻ. പക്ഷേ അണ്ടെ സുന്ദരാനികിക്ക് ശേഷം ഞാൻ ആശയക്കുഴപ്പത്തിലായി. സരിപോദാ ശനിവാരം ബോക്സ് ഓഫീസിൽ 100 കോടി നേടിയെങ്കിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് സംതൃപ്തി തന്നിരുന്നില്ല. അണ്ടെ സുന്ദരാനികിയുടെ എഴുത്തിൽ ഞാൻ വളരെയധികം സംതൃപ്തനാണ്.” വിവേക് പറഞ്ഞു.

നാനി, നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് അണ്ടെ സുന്ദരാനികി. റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയിലെ നാനിയുടെയും നസ്രിയയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. എസ് ജെ സൂര്യ, നാനി, പ്രിയങ്ക മോഹൻ എന്നിവർ പ്രധാന താരങ്ങളായി എത്തിയ സരിപോദാ ശനിവാരം സൂര്യാസ് സാറ്റർഡേ എന്ന പേരിൽ മലയാളത്തിലും തമിഴിലും മൊഴിമാറ്റി എത്തിയിരുന്നു.