
നിർമാണക്കമ്പനിയായ ലൈക്കയുടെ പരാതിയിൽ നടൻ വിശാലിന്റെ സിനിമകളുടെ എല്ലാ അവകാശങ്ങളും ലൈക്ക പ്രൊഡക്‌ഷൻസിന്റെ നിയന്ത്രണത്തിൽ തുടരണമെന്നുത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 30 ശതമാനം പലിശസഹിതം 21.29 കോടി രൂപ മുഴുവനായും നൽകുന്നതുവരെയാണ് നിയന്ത്രണം തുടരുക.
സിനിമാനിർമാണത്തിന് പണം നൽകുന്ന അൻബു ചെഴിയാന്റെ ഗോപുരം ഫിലിംസിൽനിന്ന് ലൈക്കയുടെ പേരിൽ, ഫിലിം ഫാക്ടറി എന്ന തന്റെ നിർമാണക്കമ്പനിക്കായി വിശാൽ പണം വായ്പയെടുത്തിരുന്നു. പണം മുഴുവനായും തിരിച്ചുനൽകുന്നതുവരെ വിശാലിന്റെ സിനിമകളുടെ അവകാശങ്ങൾ ലൈക്കയ്ക്കാണെന്ന കരാർപ്രകാരമായിരുന്നു ഇത്. എന്നാൽ, വിശാൽ നിബന്ധനകൾ ലംഘിച്ച് ചിത്രങ്ങൾ പുറത്തിറക്കിയെന്നാരോപിച്ച് ലൈക്ക കോടതിയെ സമീപിക്കുകയായിരുന്നു. തിനിടയിൽ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ‘മഗുഡം’ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. കേസിൽ തുടർവാദം വെള്ളിയാഴ്ച നടക്കും.
വിശാൽ ഇപ്പോൾ രവി അരസുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഗുഡം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുച്ചെന്തൂരിൽ പുരോഗമിക്കുകയാണ്. ഒരു ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണിതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അടുത്ത ചിത്രത്തിൽ വിശാൽ നിരവധി ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദുഷാര വിജയനാണ് നായിക. എന്നാൽ ചിത്രത്തിലെ സംവിധായകനുമായുള്ള സ്വര ചേർച്ചയിൽ ചിത്രം വിശാലാണ് സംവിധാനം ചെയ്യുന്നത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സംവിധായകനായ രവി അരസും വിശാലും തമ്മിൽ സർഗ്ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം. പ്രോജക്റ്റ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും നിർമ്മാണം തന്റെ കാഴ്ചപ്പാടിന് അനുസൃതമാണെന്ന് ഉറപ്പാക്കാനുമാണ് വിശാലിന്റെ ഈ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ.ബി. ചൗധരിയുടെ നേതൃത്വത്തിലുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 99-ാമത്തെ നിർമ്മാണമാണ് ഈ ചിത്രം.