വൈറസിലെ റിമ ലിനിയെ ഓര്‍മ്മിപ്പിച്ചു.. ലിനിയുടെ സ്വപ്‌നം നിറവേറിയെന്ന് ഭര്‍ത്താവ് സജീഷ്..

കേരളത്തില്‍ നിപയെന്ന മാരഗരോഗം പടര്‍ന്ന് പിടിച്ച സമയങ്ങളില്‍ നിപയെ അതിജീവിക്കാന്‍ മലയാളികള്‍ക്ക് ഏറെ പ്രചോദനമായി മാറിയ വ്യക്തിയാണ് സിസ്റ്റര്‍ ലിനി. സ്വന്തം ജീവന്‍ വരെ മറന്ന് ലിനി നടത്തിയ ആത്മാര്‍ത്ഥ സേവനം പിന്നീട് കേരളത്തിലെ വൈദ്യരംഗത്തുള്ള എല്ലാവര്‍ക്കും പ്രചോദനമാവുകയായിരുന്നു. കേരളത്തിലെ നിപ വൈറസ് അനുബന്ധ സംഭവങ്ങളെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്റെ ഭാര്യക്ക് അര്‍ഹമായ അംഗീകാരം നല്‍കിയതിന്റെ സന്തോഷത്തിലാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പ് ലിനി തന്നോട് അവസാനമായി എഴുതിയ കത്തില്‍ സജീഷിനോട് പങ്കുവെച്ച പ്രധാനപ്പെട്ട ഒരാഗ്രഹമായിരുന്നു മകന്‍ കുഞ്ഞുവിനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്നത്. വൈറസിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനും മറ്റൊരു അനുബന്ധ ചടങ്ങിനുമായി ഖത്തറിലെത്തിയ സജീഷ് ഈ ആഗ്രഹം സഫലമായതിന്റെ സന്തോഷവും തന്റെ പേജിലൂടെ പ്രേക്ഷകരോട് പങ്കുവെക്കുകയായിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തറും റേഡിയോ സുനോ 91.7 എഫ് എമ്മും പ്രസ്സ് ഫോര്‍ മീഡിയയും ചേര്‍ന്ന് ഒരുക്കിയ ”ഭൂമിയിലെ മാലാഖമാര്‍” എന്ന ചടങ്ങിനായാണ് സജീഷ് മകനുമായി ഗള്‍ഫിലെത്തിയത്. സജീഷ് പങ്കുവെച്ച പോസ്റ്റ്:

”ഖത്തര്‍ സന്ദര്‍ശനം മറക്കാനാവാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. ശരിക്കും ഖത്തര്‍ സന്ദര്‍ശനം കുഞ്ഞുവാണ് ആഘോഷിച്ചത്. മിയ പാര്‍ക്കിലെ റൈഡുകള്‍, ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലെ കുളി, മാളുകള്‍ കറങ്ങി ടോയ്സ് വാങ്ങി കൂട്ടല്‍ അങ്ങനെ അവന്‍ ആര്‍മാദിക്കുകയായിരുന്നു. ഖത്തറിലെ മലയാളികള്‍ അവനെ നല്ലവണ്ണം ലാളിച്ചു. വൈറസ് സിനിമയുടെ ട്രെയിലര്‍ ശരിക്കും എന്നെ ഞെട്ടിച്ചു. റിമയുടെ സീന്‍ കണ്ടപ്പോള്‍ സ്‌ക്രീനില്‍ ലിനി ആണോ എന്ന് ഒരു നിമിഷം സംശയിച്ചു. ആ സീന്‍ വന്നപ്പോള്‍ കാണികളുടെ നീണ്ട കൈയ്യടി ലിനിയോടുളള അവരുടെ സ്നേഹം എത്രമാത്രം ആണെന്ന് മനസ്സിലായി. ട്രെയിലര്‍ നിപ ഭീതി നിറഞ്ഞ നാളുകളിലേക്ക് മനസ്സിനെ കൊണ്ടുപോയി. ചടങ്ങില്‍ വച്ച് സംവിധായകന്‍ ആഷിക്ക് അബുവില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. ആ സമയം ലിനിയുടെ മുഖചിത്ര കാരികേച്ചര്‍ കരീം ഗ്രാഫിയില്‍ നിന്നും ഏറ്റു വാങ്ങിയത് വളരെ അപ്രതീക്ഷിതമായി. പിന്നെ റേഡിയോ സുനോ എഫ് എം സ്റ്റുഡിയോയില്‍ വച്ച് ഞാനും കുഞ്ഞുവും പങ്കെടുത്ത അഭിമുഖപരിപാടിയില്‍ കുഞ്ഞു പാട്ട് പാടിയത് വേറിട്ട ഒരു അനുഭവമായി. റേഡിയോ ആര്‍ ജെ മാരുടെ എല്ലാം ലാളനയും സമ്മാനവും ഏറ്റുവാങ്ങി.

സജീഷ്, ലിനിയുടെ ഭര്‍ത്താവ് ”

റിമാ കല്ലിങ്കല്‍, ടൊവിനോ തോമസ്, രേവതി, പാര്‍വതി, ആസിഫലി, പൂര്‍ണിമാ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, രമ്യാ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ജൂണ്‍ മാസത്തോടെ തിയേറ്ററുകളിലെത്തും.