
രാജേഷ് മാധവൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ധീരൻ ജൂലൈ 4 വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രചനയിലൂടെ ശ്രദ്ധ നേടിയ ദേവദത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേവദത്ത് രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.
ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് രാജേഷ് മാധവൻ ആണെങ്കിലും, ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, വിനീത്, സുധീഷ് എന്നീ സീനിയർ താരങ്ങളുടെ സാന്നിധ്യം വലിയ രീതിയിൽ പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ഇവരുടെ കരിയറിലെ തന്നെ വളരെ രസകരമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യാവസാനം ഹാസ്യത്തിന് പ്രാധാന്യം നൽകി കഥ പറയുന്ന ചിത്രത്തിൽ സീനിയർ യൂത്തന്മാർക്കൊപ്പം പിടിച്ചു നിൽക്കാൻ രാജേഷ് മാധവനൊപ്പം ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ തുടങ്ങിയ ജൂനിയർ യൂത്തന്മാരുമുണ്ട്.
ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.