“ആ സംവിധായകന്റെ മുഖം നോക്കി ഒന്നു കൊടുത്താണ് ഞാനാ പ്രശ്നം തീർത്തത്”; മനസ്സ് തുറന്ന് ടി.ജി രവി

','

' ); } ?>

ബാലൻ കെ നായർ കഴിഞ്ഞാൽ മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ, അത് ടി.ജി രവി തന്നെയായിരിക്കും. വെള്ളിത്തിരയിലെ മിന്നുന്ന പ്രകടനം കൊണ്ട് കാണികളെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ടി. ജി രവി. ഒരു മൂന്നു തലമുറകൾക്കിപ്പുറവും ശൗര്യമൊട്ടും ചോരാതെ ആ നടനിപ്പോഴും വെള്ളിത്തിരയിലുണ്ട്. നേരിട്ട് കാണുമ്പോൾ സ്ത്രീകൾ നിലവിളിക്കുകയും ഭയന്നോടുകയും ചെയ്യുമായിരുന്നെന്ന് വളരെ നിഷ്കളങ്കതയോടെ തുറന്നു പറയുന്ന പച്ചയായ മനുഷ്യൻ. ടി.ജി രവിയുടെ മകൻ ശ്രീജിത്ത് രവിയേയും മലയാളികൾക്ക് പരിചതമാണ്. നായകനായും വില്ലനായും സഹതാരമായും അദ്ദേഹവും ചലച്ചിത്രലോകത്ത് സജീവമാണ്. ഇപ്പോൾ ശ്രീജിത്ത് രവിയുടെ മകനും തിരശ്ശീലയ്ക്ക് മുന്നിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോഴിതാ മൂന്ന് തലമുറകൾ ഒരുമിച്ച് സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷവും, സിനിമകളിലെ പിന്നാമ്പുറ കഥകളെ കുറിച്ചും, സ്വകാര്യ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ടി.ജി രവി. സെല്ലു ലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സിനിമയിൽ മൂന്നു തലമുറയിലെ ആളുകൾ അഭിനയിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ഒരേ സമയം മൂന്നു തലമുറ അഭിനയിക്കുന്നുവെന്ന റെക്കോർഡ് ഞാൻ സ്വന്തമാക്കും. എന്റെ കൊച്ചുമകനും ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നുണ്ടല്ലോ. സിനിമയെ കുറിച്ച് ഞാനവനുകൊടുക്കുന്ന ഉപദേശം “അഭിനയമൊരിക്കലും ജീവിതമാക്കിയെടുക്കരുത്”എന്നാണ്. ഇപ്പോൾ സിനിമയിൽ നിന്ന് എനിക്കൊരിക്കലും പരിഹാസം നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ ഞാൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ മൂലം ഭാര്യ പരിഹാസം നേരിട്ടിട്ടുണ്ട്. ഒരിക്കൽ എന്റെ സിനിമ കണ്ട ഭാര്യ കരഞ്ഞ ഒരു സംഭവമുണ്ട്. സിനിമ ഏതാണെന്നും ഡയറക്ടർ ആരാണെന്നും ഞാൻ പറയില്ല. പണ്ട് സിനിമകളിൽ ബിറ്റ് കയറ്റി വിടുന്ന ഒരു പരിപാടിയുണ്ടായിരുന്നു. ഒരു ബെഡ് റൂം സീനിൽ ഞാനഭിനയിച്ചതിന്റെ കൂടെ മറ്റൊരാളാഭിനയിച്ചതും കൂടെ അവർ കൂട്ടിച്ചേർത്തു. കാണുമ്പോൾ അത് ഞാൻ ചെയ്തത് പോലെയാണ്. അത് ഞാനല്ല ചെയ്തതെന്ന് ഭാര്യക്ക് നല്ലപോലെ അറിയാം. അന്നാദ്യമായിട്ട് ഞാനഭിനയിച്ചതിന്റെ പേരിൽ അവള് കരയുന്നത് ഞാൻ കണ്ടു. പിന്നീട് ആ സംവിധായകനെ കണ്ടപ്പോൾ മുഖമടിച്ചു ഒന്ന് കൊടുത്താണ് ഞാനാ പ്രശ്നം തീർത്തത്”. ടി.ജി രവി പറഞ്ഞു.

“പഴയ കാല സിനിമയിൽ നിന്ന് ഇന്നത്തെ സിനിമ ബഹുദൂരം മുന്നിലാണ്. പ്രത്യേകിച്ച് സാങ്കേതികപരമായിട്ട്. ഏറ്റവും മികച്ച ഉദാഹരണം ഡബ്ബിങ്ങും ലൈറ്റുമാണ്. ഞങ്ങളൊക്കെ അഭിനയിക്കുന്ന സമയത്ത് നട്ടുച്ചക്കും ഒരുപാട് ലൈറ്റുകൾ വേണം. ഇന്നതിന്റെ ആവശ്യം ഇല്ല. ആ വളർച്ച ആർട്ടിസ്റ്റുകൾക്കും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. പിന്നെ സിനിമയ്ക്ക് മാത്രമല്ല സമൂഹത്തിനും സാംസ്കാരികമായിട്ട് വളരെ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന ആളുകളോട് ഞാൻ ജാതി ചോദിക്കില്ല. അത് പെട്ടന്നൊരു ദിവസം ഉണ്ടായ മാറ്റമല്ല. ഒരുപാട് കാലങ്ങൾ കൊണ്ട് ഉണ്ടായ മാറ്റമാണ്. ജാതിയുടെ പേരിൽ മലയാളത്തിലെ ആദ്യത്തെ നായിക “റോസിയെ” തല്ലിയോടിച്ച ഒരു തലമുറ ഇവിടെയുണ്ടായിരുന്നെന്നോർക്കണം.

അന്നത്തെ കാലത്ത് നാടകത്തിലഭിനയിക്കുന്ന സ്ത്രീകൾ, നഴ്‌സുമാർ, ടെലഫോൺ ബൂത്തിലിരിക്കുന്ന സ്ത്രീകൾ ഇവരെയൊക്കെ ആളുകൾ മോശമായാണ് കണ്ടുകൊണ്ടിരുന്നത്. കാരണം അവർ രാത്രിയിലാണ് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. അതുപോലെ പണ്ടൊക്കെ എന്നെ കാണുമ്പോൾ സ്ത്രീകളും പെണ്കുട്ടികളുമൊക്കെ പേടിച്ചോടുമായിരുന്നു. ഒരു കലാകാരനെന്ന നിലയിൽ ഞാനതൊരു വിജയമായി കാണുന്നു. പക്ഷെ ഇന്നത്തെ തലമുറ വിശ്വസിക്കുന്നത് എല്ലാ കുഴപ്പങ്ങളും സിനിമാക്കാരുണ്ടാകുന്നതെന്നാണ്. ഒരു അന്വേഷണം വന്നതിന്റെ പിന്നാലെ എല്ലാ സിനിമാക്കാരും മോശമായി ചിത്രീകരിക്കപ്പെട്ടു. ഈ കൊള്ളരുതായ്മകൾ സിനിമയിൽ മാത്രം ഉള്ളതല്ല. ആ ചിന്ത മാറണം. അന്വേഷണം എല്ലാ സ്ഥലങ്ങളിലേക്കും പോകട്ടെ. ടി.ജി രവി കൂടി ചേർത്തു.