“കാണിച്ചത് ശുദ്ദ നെറികേട്, കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ പ്രേം കുമാറിനെ ഒഴിവാക്കി”; വിനയൻ

','

' ); } ?>

ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും ഒരു വാക്കുപോലും പറയാതെ പ്രേം കുമാറിനെ ഒഴിവാക്കിയത് ശുദ്ധ നെറികേടാണെന്ന് വ്യക്തമാക്കി സംവിധായകൻ വിനയൻ. “ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ മികച്ച ഭരണം നടത്തുകയും വിവാദങ്ങൾക്ക് ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനോട് ചെയ്തത് നെറികേടാണെന്നും, തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളതെന്നും വിനയൻ പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെ കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു വിനയന്റെ പ്രതികരണം.

“നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു. തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലെങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും. പക്ഷേ പ്രേം കുമാറിന് കൂടെ ജോലി ചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്.” വിനയൻ കുറിച്ചു.

“ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ” നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല,” എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്. അതിൽ എല്ലാമുണ്ട്. ഇതിഹാസങ്ങളേയും കോട്ടിട്ട പൗരപ്രമുഖരേയും മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം. അതാണ് ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേംകുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു.” വിനയൻ കൂട്ടിച്ചേർത്തു.

ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന അഭിപ്രായമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുണ്ടായ കാരണമെന്ന് കഴിഞ്ഞ ദിവസം പ്രേം കുമാർ കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ നിരന്തരം വർത്തമാനങ്ങൾ പറഞ്ഞിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് കവി സച്ചിദാനന്ദനെ ആരും പുറത്താക്കുന്നില്ലെന്നും, ഇരട്ടനീതിയുടെ പ്രത്യക്ഷ കാഴ്‌ചയാണ് ഇവിടെ കാണാനാവുന്നതെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തിരുന്നു. പിന്നാലെ തന്നെ കാര്യത്തിൽ വ്യക്തത വരുത്തി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. പ്രേംകുമാറിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും, നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല പ്രേംകുമാറിനെ മാറ്റിയതെന്നും കാലാവധി കഴിഞ്ഞത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞിരുന്നു.