ഗള്‍ഫില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച സൂപ്പര്‍താരങ്ങള്‍ ഫണ്ട് സ്വരൂപിക്കണം

','

' ); } ?>

പ്രവാസികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് സംവിധായകന്‍ വിനയന്‍.വിനയന്റെ വാക്കുകള്‍ ‘സിനിമാരംഗത്തെ സൂപ്പര്‍താരങ്ങള്‍ മുതല്‍ താഴോട്ടുള്ള പലരും ഗള്‍ഫ് നാടുകളില്‍ നിന്ന് ലക്ഷോപലക്ഷം രൂപ പരിപാടികള്‍ അവതരിപ്പിച്ചും ഉദ്ഘാടനം നടത്തിയും സമ്പാദിച്ചിട്ടുള്ളവരാണ്. സര്‍ക്കാരിന് സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കില്‍ ഈ കലാകാരന്മാര്‍ മുന്‍കൈയ്യെടുത്ത് ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു. വിനയന്റെ കുറിപ്പ് താഴെ വായിക്കാം….

വളരെ മനോവിഷമത്തോടെയാണ് ഇപ്പോളിങ്ങനെയൊരു പോസ്റ്റിടുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലുള്ള പല സുഹൃത്തുക്കളുടെയും കോളുകള്‍ വരുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോകുന്ന അവസ്ഥയാണ്. നമ്മുടെ നാടിനെ വര്‍ഷങ്ങളായി അന്നമൂട്ടാന്‍ സഹായിച്ച ഒരു വലിയ പ്രവാസി വിഭാഗമാണ് ഗള്‍ഫിലുള്ളത്. അവരില്‍ പലരുടെയും അവസ്ഥ ഇന്നിവിടുത്തെ അതിഥി തൊഴിലാളികളേക്കാള്‍ എത്രയോ താഴെയാണെന്ന് നമ്മുടെ സര്‍ക്കാരും ജനങ്ങളും മനസ്സിലാക്കണം. ഒത്തിരി സ്വപ്നങ്ങളുമായി പോയവര്‍, നാട്ടുകാര്‍ക്കെല്ലാം ഒത്തിരി സമ്മാനങ്ങള്‍ കൊടുത്തവര്‍ ഇന്ന് സ്വപ്നങ്ങളെല്ലാം വിറ്റിട്ട് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ പരക്കം പായുന്നു. അവരെ കണ്ടില്ലെന്നു നടിക്കരുത്. തൊഴിലാളികളായ പലരും വിളിച്ചു പറയുന്നത് അയ്യായിരം രൂപ പോലും അവരുടെ കയ്യില്‍ എടുക്കാനില്ലെന്നാണ്. ദയവ് ചെയ്ത് അത്തരം പ്രതിസന്ധിയിലായവര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ ക്വാറണ്ടൈന്‍ സൗജന്യമായി നല്‍കണം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറന്നുകൊണ്ടാണ് പറയുന്നതെന്ന് കരുതരുത്.

എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ മൂന്നോ നാലോ പ്രാവശ്യമേ ഞാന്‍ ഗള്‍ഫ് നാടുകളില്‍ പോയിട്ടുള്ളു. അതും ചില പൊതു പരിപാടികളില്‍ പ്രസംഗിക്കാനായി. പക്ഷേ സിനിമാരംഗത്തെ സൂപ്പര്‍താരങ്ങള്‍ മുതല്‍ താഴോട്ടുള്ള പലരും ഗള്‍ഫ് നാടുകളില്‍ നിന്ന് ലക്ഷോപലക്ഷം രൂപ പരിപാടികള്‍ അവതരിപ്പിച്ചും ഉദ്ഘാടനം നടത്തിയും സമ്പാദിച്ചിട്ടുള്ളവരാണ്. സര്‍ക്കാരിന് സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കില്‍ ഈ കലാകാരന്മാര്‍ മുന്‍കൈയ്യെടുത്ത് ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണം. ഞങ്ങളൊക്കെ ആവുന്നത്ര സഹായിക്കാം. ഒന്നോര്‍ക്കുക.. ഇത്തരം ദാരുണമായ പതനം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് കാലം കാണിച്ചുതന്നിരിക്കുന്നു.

ഗള്‍ഫ് നാടുകളില്‍ സിനിമ വില്‍ക്കുന്നതിന്റെ ഓവര്‍സീസ് റൈറ്റായി നൂറുകണക്കിനു കോടികള്‍ വാങ്ങിയവരാണ് സിനിമാക്കാര്‍ എത്രയോ ദിവസങ്ങള്‍ അവിടെ സ്വര്‍ഗ്ഗസമാനമായി താമസിച്ച് വലിയ വലിയ തുകയും എത്രയോ സമ്മാങ്ങളും വാങ്ങി വന്നവരാണ് നമ്മുടെ പ്രമുഖ നടന്മാര്‍… ഈ ഒരവസരത്തില്‍ ഗതികെട്ട ആ പ്രവാസി സുഹൃത്തുക്കളെ നിങ്ങളാണ് ആദ്യം ഓര്‍ക്കേണ്ടത്. സര്‍ക്കാരിനോടും എനിക്ക് അപേക്ഷിക്കാനുണ്ട്, പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല. അതിനുള്ള ഇച്ഛാശക്തി കാണിക്കണം.