പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ സിജു വില്‍സന്റെ കരിയര്‍ മാറ്റിയെഴുതുമെന്ന് സംവിധായകന് വിനയന്. ”പുതുമുഖങ്ങളായ ഒത്തിരി താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആളാണ് ഞാന്‍. ഒരു പതിനേഴ് വര്‍ഷം മുമ്പ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോ പരിവേഷം ഞാന്‍ നല്‍കുന്നത്. സിജു എന്നെ വന്ന് കാണുകയും സിജുവിനോട് സംസാരിച്ചപ്പോള്‍ ഈ വേഷത്തിനായി അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും കഠിനാധ്വാനവുമൊക്കെ തിരിച്ചറിഞ്ഞപ്പോള്‍ ആറേഴ് മാസത്തോളമെടുത്ത് മെയ്ക്കോവറും മറ്റും ചെയ്തു. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. എനിക്കുറപ്പാണ് ഞാന്‍ കൊണ്ടുവന്ന, വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.” വിനയന് പറയുന്നു. മാതൃഭൂമി ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പത്തൊന്‍പതാം നുറ്റാണ്ട് ഒരു ഇതിഹാസ നായകന്റെ പ്രോജ്ജ്വലമായ ജീവിതകഥ മാത്രമല്ല.ആ ചരിത്രനായകനായ പോരാളിയുടെ ജീവിതത്തെ ആസ്പദമാക്കി പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഹൃദയസ്പര്‍ശിയായ സാമൂഹ്യജീവിതം വരച്ചു കാട്ടുന്ന സിനിമ കൂടിയാണെന്നും
സംവിധായകന് പറഞ്ഞിരുന്നു.
അഞ്ച് വര്‍ഷത്തിലേറെയായി സ്വപ്നം കാണുന്ന സിനിമാണ് ഇതെന്നും ഏറെ കാലമായി വിലക്കുകള്‍ നേരിട്ട വിനയന്റെ സ്വപ്നചിത്രമാണ് ഇതെന്നും സംവിധായകന് നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തില്‍ മലയാളത്തിലെയും സൗത്തിന്ത്യയിലെയും പ്രമുഖതാരങ്ങള്‍ അഭിനയിക്കുമെന്നും വിനയന് നേരത്തേ വ്യക്തമാക്കിയിരുന്നു.
അനൂപ് മേനോന്, ചെമ്ബന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത് രവി, അശ്വിന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ക്യഷ്ണ, മണിക്കുട്ടന്, വിഷ്ണു വിനയ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്, ക്യഷ്ണ, ബിജു പപ്പന്, ബൈജു എഴുപുന്ന, ഗോകുലന്, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദര്‍, ദുര്‍ഗ ക്യഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളും പതിനഞ്ചോളം വിദേശ നടന്മാരും ചിത്രത്തില്‍ വേഷമിടുന്നു.