സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകളിടാതെ സ്‌ക്രീന്‍ ഷോട്ടുകളും ചിത്രങ്ങളും മാത്രം പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് പലപ്പോഴും വിവാദമായി മാറാറുണ്ട്. അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വലിയ വാര്‍ത്തയായിരുന്നു. തെറിയുടെ പൂരമായിരുന്നു പോസ്റ്റില്‍. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെ സംബന്ധിച്ചുള്ള പ്രതികരണമാണ് പോസ്റ്റുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. തെറി വാക്കുകളും അശ്ലീല പദപ്രയോഗങ്ങളും ഏറെ ഉപയോഗിച്ച ചുരുളി സിനിമയിലെ സംഭാഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ചുരുളി എന്ന ചിത്രം പിന്‍വലിക്കണം, സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ നടന്‍ പിന്‍വലിച്ചുവെങ്കിലും പിന്നാലെ പോണ്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. മൊബൈല്‍ കുരങ്ങന്റെ കയ്യില്‍ പൂമാല പോലെ, പടുവിഡ്ഢി എന്നൊക്കെയാണ് ഈ പോസ്റ്റിന്് കമന്റുകള്‍ വന്നിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ വിനായകന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചുരുളിയെ സംബന്ധിച്ച വിഷയത്തില്‍ ലിജോയെ പരോക്ഷമായി പിന്തുണച്ചു കൊണ്ടാണ് വിനായകന്റെ പോസ്റ്റുകള്‍ എന്നാണ് പ്രേക്ഷകരുടെ പക്ഷം.
നൃത്തരംഗത്തുനിന്നുമാണ് വിനായകന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി നൃത്തഗ്രൂപ്പ് നടത്തിയിരുന്ന അദ്ധേഹം അഗ്നി നൃത്തത്തിലൂടെയാണ് പ്രശസ്തനാവുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മാന്ത്രികം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. അദ്ധേഹത്തിന്റെ തന്നെ ചിത്രമായ ഒന്നാമന്‍ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാളസിനിമയില്‍ പ്രശസ്തനാക്കുന്നത്.ടി.കെ രാജീവ് കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി വേഷങ്ങളില്‍ വിനായകന്‍ തിളങ്ങി. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.