തോമസ് ഐസക്കിന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകന്‍

ലക്ഷദ്വീപ് വിഷയത്തില്‍ ലക്ഷദ്വീപിനൊപ്പം എന്ന നിലപാട് വ്യക്തമാക്കി നടന്‍ വിനായകന്‍. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ലക്ഷ്ദ്വീപിനെ കുറിച്ച് എഴുതിയ പോസ്റ്റ് പങ്കുവെച്ചാണ് വിനായകന്‍ ദ്വീപ് വാസികള്‍ക്ക് പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിലെ ഭൂമിയാണ് കേന്ദ്രത്തിന്റെ ഉന്നമെന്നാണ് തോമസ് ഐസക്ക് പോസ്റ്റില്‍ പറയുന്നത്.
സിനിമ മേഖലയില്‍ നിന്ന് നേരത്തെ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.’ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസങ്ങളോടും കാണിക്കുന്ന അവഗണന തീര്‍ത്തും ഭയാനകം തന്നെയാണ്’, എന്നാണ് റിമ കലിങ്കല്‍ പ്രതികരിച്ചത്.

തോമസ് ഐസക്കിന്റെ വാക്കുകള്‍ ഇങ്ങനെ. ‘ഉന്നം ഭൂമിയാണ്. കടല്‍ത്തീരമാണ്. ആഡംബര വില്ലകളും, റിസോര്‍ട്ടുകളും തീരുമാനിച്ച വമ്പന്‍ വ്യവസായികള്‍ക്കു വേണ്ടിയാണ് ഈ അഭ്യാസങ്ങള്‍. അതൊന്നും ആര്‍ക്കും അറിയില്ലെന്നാണ് കെ സുരേന്ദ്രനെ പോലുള്ളവര്‍ വിചാരിച്ച് വെച്ചിരിക്കുന്നത്’. ലക്ഷദ്വീപ് ജനതയുടെ സൈ്വര ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് നടന്‍ പൃഥ്വിരാജ് ചോദിച്ചു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കിയത്. തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

ദ്വീപുകളുടെ കടല്‍ത്തീരം വന്‍കിട കോര്‍പറേറ്റുകളുടെ ടൂറിസം പദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഈ ഗൂഢപദ്ധതിയുടെ കങ്കാണിയാണ് സാക്ഷാല്‍ പ്രഫുല്‍ ഖോട പട്ടേല്‍. കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിലെ കടല്‍ത്തീരം ഒഴിപ്പിച്ചതിനു സമാനമാണ് ലക്ഷദ്വീപിലെ നടപടികള്‍. അവിടെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ കിടപ്പാടവും ഉപജീവനോപാധികളും തകര്‍ത്തു തരിപ്പണമാക്കി, സ്ഥലം എംപിയായിരുന്ന മോഹന്‍ ദേല്‍ക്കറിന്റെ ജീവനും കവര്‍ന്നാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ കാലു കുത്തിയത്. ഏഴുവട്ടം ദാദ്രാ നാഗര്‍ഹവേലി എംപിയായിരുന്ന മോഹന്‍ ദേല്‍ക്കറിന്റെ ആത്മഹത്യാക്കുറിപ്പിലെ വില്ലനാണ് പ്രഫുല്‍ പട്ടേല്‍. മോട്ടി ദാമന്‍ ലൈറ്റ്‌ഹൌസ് മുതല്‍ ജാംപൂര്‍ ബീച്ചു വരെയുള്ള കടല്‍ത്തീരത്ത് തലമുറകളായി മത്സ്യബന്ധത്തിലേര്‍പ്പെട്ട തദ്ദേശീയരായ ആദിവാസികളെയാണ് ഒരു ദയയുമില്ലാതെ പ്രഫുല്‍പട്ടേലിന്റെ നേതൃത്വത്തില്‍ കുടിയൊഴിപ്പിച്ചത്. ഗുജറാത്തിലെ അതിസമ്പന്നരുടെ വിനോദ സഞ്ചാരകേന്ദ്രമാണ് ദാമന്‍ ദിയു. ടൂറിസം സാധ്യതകള്‍ കണ്ണിലുടക്കിയ ഒരു വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനത്തിന്റെ അജണ്ട നടപ്പിലാക്കിക്കൊടുക്കുകയായിരുന്നു പ്രഫുല്‍ പട്ടേല്‍ ചെയ്തത്. 2019 നവംബറില്‍ ഈ തീരമേഖലയിലുള്ള മുഴുവന്‍ വീടുകളും തകര്‍ത്തു തരിപ്പണമാക്കി. എതിര്‍പ്പും സംഘര്‍ഷവും ഒഴിവാക്കാന്‍ 144 പ്രഖ്യാപിച്ചായിരുന്നു താണ്ഡവം. 135 വീടുകള്‍ തകര്‍ക്കപ്പെട്ടു. സ്‌കൂളുകളെ താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ച് അന്തേവാസികളെ മുഴുവന്‍ തടവിലാക്കി.

വീടും തൊഴിലും നഷ്ടപ്പെട്ടവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് മോഹന്‍ ദേല്‍ക്കര്‍ പ്രഫുല്‍ പട്ടേലിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടായത്. തുടര്‍ച്ചയായ പീഡനങ്ങള്‍ക്കൊടുവില്‍ 2021 ഫെബ്രുവരി 21ന് മുംബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ദേല്‍ക്കറിന്റെ മകന്‍ അഭിനവ് പ്രഫുല്‍ പട്ടേലിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
പൊന്നും വിലയുള്ള കടല്‍ത്തീരം തന്നെയാണ് ലക്ഷദ്വീപിനും പ്രഫുല്‍ പട്ടേല്‍ ഉന്നമിട്ടിരിക്കുന്നത്. പട്ടേലിന്റെ പരിഷ്‌കാരങ്ങളില്‍ ചിലത് പ്രത്യേകം പരിശോധിക്കണം. തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യ ജീവനക്കാരുടെ ഷെഡുകളെല്ലാം പൊളിച്ചു മാറ്റിയിട്ടുണ്ട്. ദാമന്‍ ദിയുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ ഇടിച്ചു നിരത്തിയതിന് സമാനമായ നടപടി. നിലവില്‍ ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെമേലുള്ള ദ്വീപുക്കാര്‍ക്കാണ് അവകാശം. അതില്ലാതാക്കുക പ്രഫുല്‍ പട്ടേലിന്റെ അജണ്ടയിലെ പ്രധാന ഇനമാണ്. കടല്‍ത്തീരത്ത് കണ്ണുവെച്ചു കഴിഞ്ഞവര്‍ക്കു വേണ്ടിയാണ് ഈ നടപടികളെന്ന് വ്യക്തം. അതിനെതിരെയുള്ള പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് മുന്‍കൂറായി ഗുണ്ടാ ആക്ട് നടപ്പാക്കുന്നത്. ക്രിമിനല്‍ കേസുകളില്ലാത്ത നാട്ടില്‍ ഗുണ്ടാ ആക്ട് എന്തിന് എന്ന് അമ്പരക്കുന്നവരുണ്ടാകും. വരാനിരിക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പാണത്.

കോവിഡ് മഹാമാരിയുടെ ആക്രമണത്തില്‍ മരവിച്ചു നില്‍ക്കുകയാണ് ജനങ്ങള്‍. ഈ മരവിപ്പു മുതലെടുത്തു കൊണ്ട്, കുടിയൊഴിപ്പിക്കലുകളും ശതകോടികളുടെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളും ആവിഷ്‌കരിക്കുകയാണ് മോദിയും സംഘവും. പ്രഫുല്‍ പട്ടേലിനെപ്പോലെ കണ്ണില്‍ച്ചോരയില്ലാത്ത കങ്കാണിമാരെയാണ് അവര്‍ അതിനു നിയോഗിച്ചിരിക്കുന്നത്. ടൂറിസം സാധ്യതയുള്ള തീരപ്രദേശങ്ങളിലേയ്‌ക്കെല്ലാം ഈ കങ്കാണിമാര്‍ ഏതു നിമിഷവും കടന്നു വരാം. പലകാരണങ്ങള്‍ പറഞ്ഞ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ കുടിയിറക്കും. അതിനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് വര്‍ഗീയത ആളിക്കത്തിക്കല്‍. ബിജെപി നേതാക്കള്‍ എപ്പോഴൊക്കെ വര്‍ഗീയതയും തീവ്രദേശീയതയും ആളിക്കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, അതിന്റെയെല്ലാം പിന്നില്‍ ഇതുപോലുള്ള ഗൂഢലക്ഷ്യങ്ങളുണ്ടാകും. കുടിയൊഴിപ്പിക്കാനുള്ള ഭൂമിയും കുടിയിറക്കപ്പെടാനുള്ള മനുഷ്യരെയും മുന്‍കൂറായി ചാപ്പ കുത്തി നിര്‍ത്തും. ലക്ഷദ്വീപില്‍ മയക്കുമരുന്നു വ്യാപാരവും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന ന്യായീകരണങ്ങള്‍ അതിനു വേണ്ടി ചമച്ചതാണ്. ലക്ഷദ്വീപിലെ താമസക്കാരില്‍ 99 ശതമാനവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അത്രയധികം അറിയപ്പെടാത്ത മറ്റൊരു വസ്തുതയാണ് ലക്ഷ്യദ്വീപിലെ ജനങ്ങളെ പട്ടികവര്‍ഗ്ഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എത്രയോ നൂറ്റാണ്ടുകളായി മുഖ്യധാര സമൂഹത്തില്‍ നിന്നു വേറിട്ടു താമസിക്കുന്നവരാണ് അവര്‍. ആദിവാസി അവകാശങ്ങള്‍ക്കു നേരെയുള്ള ഏറ്റവും ക്രൂരമായ കടന്നാക്രമണവുംകൂടിയാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. ഉന്നം ഭൂമിയാണ്. കടല്‍ത്തീരമാണ്. ആഡംബര വില്ലകളും റിസോര്‍ട്ടുകളും പണിയാന്‍ തീരുമാനിച്ച വമ്പന്‍ വ്യവസായികള്‍ക്കു വേണ്ടിയാണ് ഈ അഭ്യാസങ്ങള്‍. അതൊന്നും ആര്‍ക്കും അറിയില്ലെന്നാണ് കെ സുരേന്ദ്രനെപ്പോലുള്ളവര്‍ വിചാരിച്ചു വെച്ചിരിക്കുന്നത്.