“മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നത് എളുപ്പമാണ്, കളങ്കാവലിൽ ഞങ്ങൾക്ക് തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളാണ്”; വിനായകൻ

','

' ); } ?>

തനിക്കും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കളങ്കാവലിലുള്ളതെന്ന് തുറന്നു പറഞ്ഞ് നടൻ വിനായകൻ. ചിത്രത്തിലേക്ക് മമ്മൂട്ടി തന്റെ പേര് നിർദ്ദേശിച്ചത് ഈ ജന്മത്തിലെ ഭാഗ്യമാണെന്നും, സംഭാഷണങ്ങളുടെ കാര്യത്തിൽ അദ്ദേഹം കുറേ സഹായിച്ചുവെന്നും വിനായകൻ പറഞ്ഞു. കൂടാതെ ന്റെ കയ്യും കാലും പിടിച്ചുകെട്ടിയാണ് ചിത്രത്തിൽ തന്നെ സംവിധായകൻ അഭിനയിപ്പിച്ചതെന്നും വിനായകൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്കും മമ്മൂക്കയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങളാണത്. മമ്മുക്കായുടെ ഓപ്പോസിറ്റ് നിന്ന് ഇത്രയും വലിയൊരു പടമൊക്കെ ചെയ്യുകയെന്നത് സിനിമയിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. ചിത്രത്തിലേക്ക് മമ്മൂക്ക തന്നെ എന്റെ പേര് നിർദേശിക്കുകയെന്നത് ജന്മത്തിലെ ഭാഗ്യമാണ്. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഭയങ്കര ഈസിയാണ്. സംഭാഷണങ്ങളുടെ കാര്യത്തിൽ അദ്ദേഹം കുറേ സഹായിച്ചു. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു.” വിനായകൻ പറഞ്ഞു.

“എനിക്ക് ലൗഡ് ആയി അഭിനയിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അത് പിടിച്ചുവെച്ച് അഭിനയിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ചേട്ടന്‍ ഒന്നും ചെയ്യേണ്ട. ഞങ്ങള്‍ പറയുന്ന പോലെ ചെയ്താല്‍ മതി എന്ന് പറഞ്ഞ് ജിതിന്‍ തന്റെ കയ്യും കാലും പിടിച്ചുകെട്ടി അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് തോന്നിയത്. ജിതിന്‍ ഈ പടത്തില്‍ എനിക്ക് നിര്‍ദേശങ്ങള്‍ തന്ന് നിര്‍ത്തിയിട്ടുണ്ടായിരുന്നു. സംവിധായകന്റെ ആ രീതി എനിക്കിഷ്ടമായി. സിനിമയും അതിൻ്റെ കച്ചവടവുമാണ് ഞാൻ നോക്കാറുള്ളത്. പൊതുവേദികൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല. പൊതുവേദിയിൽ സംസാരിക്കാൻ എനിക്കറിയില്ല. താത്പര്യമുണ്ടെങ്കിലും പറ്റുന്നില്ല. പത്തുപേരിൽ രണ്ടു പേർ തന്നെ തോണ്ടും എന്റെ സ്വഭാവം അനുസരിച്ച് ഞാൻ എന്തെങ്കിലും പറയും പ്രശ്‌നമാവും. അപ്പോൾ നല്ലത് വീട്ടിനകത്ത് ഇരിക്കുകയാണ്.” വിനായകൻ കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. നേരത്തെ നവംബർ 27 ന് ചിത്രം പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് ഡിസംബർ അഞ്ചിലേക്ക് മാറ്റി. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫെയറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച ‘കളങ്കാവൽ’ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.