നാടകാചാര്യൻ വിക്രമൻ നായർ അന്തരിച്ചു

','

' ); } ?>

നാടകത്തിന്റെ അരങ്ങില്‍ അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച വിക്രമന്‍ നായര്‍ (78) അന്തരിച്ചു. ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പംതന്നെ സിനിമ, സീരിയല്‍ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുണ്ടൂപ്പറമ്പ് ‘കൃഷ്ണ’യിലായിരുന്നു താമസം.

ജനനംകൊണ്ട് മണ്ണാര്‍ക്കാട്ടുകാരനാണെങ്കിലും കോഴിക്കോട് സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലമാണ് വിക്രമന്‍നായരെ നാടകതത്പരനാക്കുന്നത്. 16 വയസ്സുമുതല്‍ കോഴിക്കോട്ടെ കലാസമിതിപ്രവര്‍ത്തകരുമായി സഹകരിച്ചുപോന്നിരുന്നു. കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

10,000ത്തിലധികം വേദികളിലായി 53 പ്രൊഫഷണല്‍ നാടകങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം നാടകങ്ങളില്‍ വിക്രമന്‍ നായര്‍ അഭിനയിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചു. മണ്ണാര്‍ക്കാട് പൊറ്റശ്ശേരിയില്‍ പരേതരായ വേലായുധന്‍ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനായാണ് ജനനം.