ഇന്നസെന്റിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള സിനിമാലോകം

അന്തരിച്ച നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള സിനിമാലോകം. പലരും വികാരഭരിതരായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു.

വാക്കുകള്‍ മുറിയുന്നു. കണ്ണുകളില്‍ ഇരുട്ടു മൂടുന്നു. ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍… വാക്കുകള്‍ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും. എന്ന് ദിലീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മോഹന്‍ ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്,

എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും.

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിര്‍മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യര്‍ത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാര്‍ഥി ആയതും വിജയിച്ചശേഷം പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓര്‍ക്കും. നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ തളര്‍ന്നുപോകുന്ന പലര്‍ക്കും ഇടയില്‍ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ചലച്ചിത്രത്തില്‍ എന്നതുപോലെ ജീവിതത്തിലും നര്‍മ്മമധുരമായ വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകള്‍ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. നമ്മുടെ കലാസാംസ്‌കാരിക രംഗങ്ങള്‍ക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.