‘വിക്രം വേദ’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഋത്വിക് റോഷനും സെയ്ഫുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് ചിത്രത്തിന്റെ സംവിധായകരായ പുഷ്‌കര്‍, ഗായത്രി എന്നിവര്‍ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

2017ലാണ് വിക്രം വേദ എന്ന ചിത്രം റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്.ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

110 കോടി മുതല്‍ മുടക്കിലാണ് വിക്രം വേദ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ബോക്സ് ഓഫീസില്‍ 600 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് വിക്രം വേദ നിര്‍മ്മിച്ചത്. പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സംവിധാനം സാം സി എസ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടിയിരുന്നു.