നാടകത്തിലൂടെ സിനിമയിലെത്തിയ താരമാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഒരൊറ്റ കുങ്ഫൂ സീന്‍ മതി പ്രേക്ഷകര്‍ക്ക് വിജിലേഷിനെ ഓര്‍മ്മിക്കാന്‍. അസാധാരണ അഭിനയമികവോടെ ഒരു സാധാരണക്കാരനായി എത്തിയ വിജിലേഷ് വരത്തന് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തു. ചെറിയ കഥാപാത്രങ്ങളില്‍ നിന്നും ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ടാല്‍ മറക്കാത്ത കഥാപാത്രങ്ങളായെത്തി വെള്ളിത്തിരയിലും പ്രേക്ഷകരിലും തന്റെ മുഖം അടയാളപ്പെടുത്തിക്കഴിഞ്ഞു. പതിനഞ്ചോളം സിനിമ ചെയ്ത വിജിലേഷ് തന്റെ അനുഭവങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ്.
- തിയറ്ററാണല്ലൊ തട്ടകം. തിയറ്ററിന് അത്രമാത്രം പ്രാമുഖ്യം നല്‍കുന്നൊരു ജില്ലകൂടിയാണ് കോഴിക്കോട്. പേരാമ്പ്ര പോലുള്ള ഒരു സ്ഥലത്ത് നിന്ന് എങ്ങനെയാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്…?
പണ്ട് മുതലേ എനിക്ക് നാടകത്തോട് താല്‍പ്പര്യമുണ്ടായിരുന്നു. സ്ക്കൂള് നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു… നാട്ടിന് പുറത്തായതിനാല്‍ ഉത്സവ പറമ്പുകളില്‍ നാടകങ്ങള്‍ ഉണ്ടാവുമ്പോള്‍ പോയി കാണും. കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്കൊരു ട്രൂപ്പുണ്ടായിരുന്നു. ഞാന്‍ ഡിഗ്രി പഠിച്ചത് കൊയിലാണ്ടി സംസ്കൃത യൂണിവേഴ്സിറ്റിയുടെ സെന്ററിലാണ്. അവിടെയുള്ള സുരേഷ് ബാബു മാഷിന്റെ കീഴില്‍ സംസ്കൃത, മലയാള നാടകങ്ങള്‍ കുറേ ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് കാലടി യൂണിവേഴ്സിറ്റിയില്‍ നാടകത്തില്‍ പിജി ചെയ്തു. ശേഷം കോട്ടയം എംജി യൂണിവേഴ്സിറ്റിയില്‍ നാടകത്തില്‍ എംഫില്‍ ചെയ്തു. എന്റെ കൂടെ പിജിവരെ ഉള്ള ഒരു സുഹൃത്തുണ്ടായിരുന്നു, രതീഷ്. ഞങ്ങള്‍ ഒരുമിച്ചായിരുന്നു നാടകങ്ങള്‍ ചെയ്യാറ്. നാടകം തന്നെയായിരുന്നു ഞങ്ങളുടെ പരിപാടി. ഞാന്‍ കാലടി യൂണിവേഴ്സിറ്റിയില്‍ പിജി ചെയ്യുന്ന സമയത്താണ് ദിലീഷ് പോത്തന് എന്റെ ജൂനിയറായിട്ട് അവിടെ പഠിക്കാന്‍ വരുന്നത്. ഞങ്ങള്‍ പരിചയപ്പെട്ട് പിന്നീട് കുറേ നാടകങ്ങളൊക്കെ ചെയ്തു. ദിലീഷ് പോത്തന് സിനിമയെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള് ഓഡീഷന് ഞങ്ങളോട് ചെല്ലാന്‍ പറഞ്ഞു. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിലേക്ക് എത്തുന്നത്. അതാണ് സിനിമയിലേക്കുള്ള വഴി.
- മഹേഷിന്റെ പ്രതികാരത്തിലെ ക്യാരക്ടര്‍ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നോ…?
ഇല്ല… ആ സിനിമ ചെയ്യുന്ന സമയത്ത് ദിലീഷ് എല്ലാവരോടും പറയുന്നത്പോലെ എന്നോടും ആ ക്യാരക്ടറിനെക്കുറിച്ച് വിശദമായിട്ട് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. ആ ക്യാരക്ടറിന്റെ രീതികള്‍, സ്വഭാവങ്ങള്‍, പെരുമാറ്റം എന്നിവയെല്ലാം പറഞ്ഞ് തന്നിരുന്നു… അതിനാല്‍ തന്നെ ദിലീഷ് കൂടെയുള്ളത് കൊണ്ട് വളരെ എളുപ്പമായി തോന്നി.
- കുങ്ഫൂ പഠിച്ചിരുന്നോ മുന്‍പ് ആ ക്യാരക്ടറിനായിട്ട്…?
കുങ്ഫൂ ഞാന്‍ പഠിച്ചിട്ടൊന്നുമില്ല… പക്ഷെ ആ സിനിമയില്‍ ആ സീനില്‍ എന്റെ കൂടെ ഉണ്ടായിരുന്ന കുങ്ഫൂ പഠിപ്പിക്കുന്ന ആള് ശരിക്കും കുങ്ഫൂ മാസ്റ്റര്‍ തന്നെയാണ്. ഈ സീനെടുക്കുന്ന തലേദിവസം അദ്ദേഹം എനിക്ക് കുറച്ച് അടവുകളൊക്കെ കാണിച്ചു തന്നു. അല്ലാതെ മറ്റ് എക്സ്പീരിയന്സൊന്നുമില്ല.
- മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും വ്യത്യസ്ഥമായിട്ടുള്ള ഒരു കഥാപാത്രമാണ് വരത്തനില്‍ ചെയ്തത്. ആ കഥാപാത്രത്തിലേക്കുള്ള ഒരു മാറ്റം എങ്ങനെയായിരുന്നു…?
ഇതിനിടയില്‍ ഞാന്‍ കുറച്ച് സിനിമകളിലൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. ഗപ്പി, കലി, തീവണ്ടി എന്നീ ചിത്രങ്ങളൊക്കെ ചെയ്തു. തീവണ്ടിയില്‍ ചെറിയ നെഗറ്റീവ് ടച്ചുള്ള വേഷമായിരുന്നു. അത് കഴിഞ്ഞിട്ടാണ് വരത്തനിലേക്ക് എന്നെ വിളിക്കുന്നത്… വരത്തനിലേക്ക് ചെല്ലുന്ന സമയത്തും എനിക്ക് ആ ക്യാരക്ടറിനെ പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നു. അമല്‍ സാറിന്റെ സിനിമയായത്കൊണ്ട് ആദ്യമേ ഓക്കെ ആയിരുന്നു. അവിടെ ചെന്ന സമയത്താണ് ആ ക്യാരക്ടറിനെപറ്റി വിശദമായിട്ട് പറഞ്ഞ് തരുന്നത്. ആ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ എങ്ങനെ ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ ആ കഥാപാത്രം ചെയ്യാന്‍ എന്നെ അമലേട്ടനും ആ ചിത്രത്തിന്റെ രചയിതാക്കളുമെല്ലാം വളരെ സഹായിച്ചു. നമ്മുടെ നാട്ടിലൊക്കെ അങ്ങനെയുള്ള ചില ആളുകളുണ്ട്. അതിനാല്‍ തന്നെ ആ ക്യാരക്ടറിന് വേണ്ടിയിട്ട് കുറച്ച്പേരുടെ ചില മാനറിസങ്ങളൊക്കെ ഉപയോഗിച്ചിട്ടുണ്ട്.
- അഭിനയത്തില്‍ തിയറ്റര്‍ എത്രമാത്രം കരുത്താണ്…?
തിയറ്റര്‍ തന്നെയാണ് എന്റെ കരുത്ത്. നാടകം ചെയ്തിട്ട് നമുക്ക് കിട്ടിയ എക്സ്പീരിയന്‍സ് തന്നെയാണ് ഇത്തരം ക്യാരക്ടറുകള്‍ ചെയ്യാനുള്ള ധൈര്യം തരുന്നത്.
- ചെയ്ത കഥാപാത്രങ്ങളില്‍ പ്രേക്ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടിയിട്ടുള്ളത്…?
മഹേഷിന്റെ പ്രതികാരവും വരത്തനുമാണ് ഏറ്റവും കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടിയിട്ടുള്ളത്.
- ഏറ്റവും പുതിയ ചിത്രങ്ങള്‍…?
ലാല്‍ജോസ് സാറിന്റെ നാല്‍പ്പത്തിയൊന്ന്, ഹാപ്പി സര്‍ദാര്‍, ലവ് എഫ്എം, ലെയ്ക്ക എന്നിവയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍. ഇപ്പോള്‍ ചെയ്ത്കൊണ്ടിരിക്കുന്നത് രണ്ട് സിനിമകളാണ്.
- അത്യാവിശം തിരക്കായൊ…?
കുഴപ്പമില്ലാതെ പോകുന്നു..(ചിരിക്കുന്നു)
- വരാനിരിക്കുന്ന കഥാപാത്രങ്ങളില്‍ എന്തെങ്കിലും വെറൈറ്റികളുള്ളത് ഉണ്ടോ…?
ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു ക്യാരക്ടര്‍ ലാല്‍ജോസ് സാറിന്റെ നാല്‍പ്പത്തിയൊന്നില്‍ ആണ്. അഭിനയിച്ച എല്ലാ ക്യാരക്ടറും ഇഷ്ടമാണ്.
- ലാല്‍ജോസിനൊപ്പമുള്ള എക്സ്പീരിയന്‍സ്…
സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്… സിനിമയില്‍ വരണമെന്നുള്ള ആഗ്രഹങ്ങളൊക്കെ ശക്തമായത് ലാല്‍ ജോസ് സാറിന്റെ സിനിമകള്‍ കണ്ടിട്ടൊക്കെയാണ്. സാറിന്റെ സിനിമയില്‍ അവസരം കിട്ടിയത് തന്നെ വലിയ ഭാഗ്യമായി കാണുന്നു… ബിജു മേനോന് ചേട്ടന്റെ കൂടെയുള്ള ലിജോ എന്നൊരു കഥാപാത്രമാണ് ഞാന്‍ നാല്‍പ്പത്തിയൊന്നില്‍ ചെയ്യുന്നത്.
- വിജിലേഷ് കോഴിക്കോടാണെങ്കിലും പല ആളുകള്‍ക്കും കോഴിക്കോട് പേരാമ്പ്രയിലാണെന്ന് പറയുമ്പോഴാണ് അറിയുന്നത്. അത് എന്ത്കൊണ്ടായിരിക്കാം…?
ഞാന്‍ കട്ടപ്പന ഭാഗത്തൊക്കെയാണൊ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. കൂടാതെ ഇവിടെയുള്ള ആളുകള്‍ വരെ എന്നോട് ചോദിച്ചിട്ടുണ്ട് എറണാകുളം ഭാഗത്താണൊ എന്നൊക്കെ… ചിലപ്പോള്‍ ആ ഭാഗത്ത് പഠിച്ചത്കൊണ്ടാവാം ഒരുപാട് സൗഹൃദങ്ങള്‍ അവിടെയുണ്ട്. കുറേ വര്‍ഷങ്ങള്‍ പഠനവുമായി ബന്ധപ്പെട്ട് ഞാന്‍ എറണാകുളത്തും കോട്ടയത്തുമൊക്കെയായിരുന്നു.
- നാടും നാട്ടുകാരെയും കുറിച്ച്…?
എനിക്ക് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തന്ന ആളുകളാണ് എന്റെ നാട്ടുകാര്‍. എല്ലാ കാലത്തും നല്ല സപ്പോര്‍ട്ടാണ് അവര്‍.
- എത്ര സിനിമകള്‍ ചെയ്തു…?
പതിനഞ്ചോളം സിനിമകള്‍ ഞാനിതുവരെ ചെയ്തു.
- ഫാമിലി…
അച്ഛന്, അമ്മ, ചേട്ടന്, ഞാന്‍ എന്നിവരടങ്ങുന്നതാണ് എന്റെ ഫാമിലി.
- എഴുത്ത്, അല്ലെങ്കില്‍ ഡയറക്ഷന്‍ അങ്ങനെയെന്തെങ്കിലുമുണ്ടോ…?
ഇല്ല, അങ്ങനെയൊന്നും ഇപ്പോള്‍ തുടങ്ങിയിട്ടില്ല. ചെയ്യണമെന്നൊക്കെയുണ്ട് മനസ്സില്‍. അവസരം വരട്ടെ.
- ഹാപ്പി സര്‍ദ്ദാറിന്റെ വിശേഷങ്ങളെക്കുറിച്ച്…
സെലിബ്രേഷന് മൂഡിലുള്ളൊരു ചിത്രമായിരുന്നു ഹാപ്പി സര്‍ദ്ദാര്‍. വളരെ എന്ജോയ് ചെയ്ത് വര്‍ക്ക് ചെയ്ത ചിത്രമായിരുന്നു ഇത്. ആദ്യമായിട്ടാണ് ഞാന്‍ ആനപാപ്പാനായിട്ട് അഭിനയിക്കുന്നത്.
- പുതിയ കമ്മിറ്റ് ചെയ്ത പ്രൊജക്ട്..
ടിനു പാപ്പച്ചന്റെ ഒരു ചിത്രമുണ്ട്. ആന്റണി വര്‍ഗ്ഗീസ് പെപ്പയാണ് അതില്‍ നായകനായെത്തുന്നത്.
- നായകനോളം പ്രാധാന്യമുള്ള കഥാപാത്രം ചെയ്ത സിനിമ…
നട്ടുച്ച നേരം കൂരാകൂരിരുട്ട് എന്ന ചിത്രത്തില്‍ പ്രാധാന്യമുള്ളൊരു റോളാണ് ചെയ്യുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളില്‍ ഒരാളാണ്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. താമസിയാതെ ഉണ്ടാവും.