ഒരേയൊരു സൂപ്പര്‍സ്റ്റാര്‍, ഒരേയൊരു തല, ഞാന്‍ നിങ്ങളുടെ ദളപതി: വിജയ്

ആരാധകര്‍ക്കിടയില്‍ വലിയ യുദ്ധത്തിന് ഇടയാക്കുന്ന ‘സൂപ്പര്‍സ്റ്റാര്‍’ പട്ടം എന്ന വിവാദ വിഷയത്തില്‍ പ്രതികരിച്ച് വിജയ്. ഇവിടെ ഒരേയൊരു സൂപ്പര്‍സ്റ്റാറും തലയും ഉലകനായകനും മാത്രമാണ് ഉള്ളതെന്നും ജനങ്ങളാണ് യഥാര്‍ഥ രാജാക്കന്മാരെന്നും വിജയ് പറഞ്ഞു. താന്‍ ജനങ്ങളുടെ ദളപതിയാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ വച്ചു നടന്ന ‘ലിയോ’ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഇവിടെ ഒരേയൊരു പുരട്ച്ചി തലൈവര്‍ മാത്രമാണ് ഉള്ളത്. ഒരേയൊരു നടികര്‍ തിലകം, ഒരേയൊരു പുരട്ച്ചി കലൈഞ്ജര്‍ ക്യാപ്റ്റന്‍, ഒരേയൊരു ഉലകനായകന്‍, ഒരേയൊരു സൂപ്പര്‍സ്റ്റാര്‍, ഒരേയൊരു തല. ജനങ്ങളാണ് ഇവിടുത്തെ രാജാക്കന്മാര്‍, ഞാനാണ് അവരുടെ ദളപതി.”വിജയ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

സിനിമയെ ഒരു വിനോദ മാധ്യമമായി കാണണമെന്നും അദ്ദേഹം പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു. ”ഒരു സ്രഷ്ടാവിന്റെ ഭാവനയുടെ ഉല്‍പന്നമെന്ന നിലയില്‍ ലോകമെമ്പാടും ഇത് കാണുന്നത് അങ്ങനെയാണ്. പോസിറ്റീവുകള്‍ എടുക്കുക, നെഗറ്റീവുകള്‍ ഉപേക്ഷിക്കുക. ‘ സോഷ്യല്‍ മീഡിയയില്‍ വിഷലിപ്തമായ ആരാധക യുദ്ധങ്ങളില്‍ ഏര്‍പ്പെടരുതെന്നും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരണമെന്നും താരം ആരാധകരോട് പറയുകയുണ്ടായി. ”യഥാര്‍ഥ നായകന്‍ എളുപ്പമുള്ളത് നേടുന്നവനല്ല; വലിയ ലക്ഷ്യമുള്ളവനാണ് യഥാര്‍ഥ നായകന്‍. വലിയ സ്വപ്നങ്ങള്‍ കാണുക.”