നടന്‍ വിജയ്‌ക്കെതിരെ അടുത്തിടെ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ രംഗത്തെത്തിയ വിജയ് സേതുപതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. തമിഴ്‌നാട്ടിലെ സിനിമാ മേഖലയിലെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തിന്റെ കണ്ണികളിലൊരാണ് വിജയ് സേതുപതി എന്നാണ് ആരോപണം. എന്നാല്‍ തനിയ്‌ക്കെതിരെ അപവാദം പരത്തുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ (പോയി വേറെ പണി നോക്കെടോ) എന്നാണ് വിജയ് സേതുപതി വിഷയത്തോട് പ്രതികരിച്ച് ട്വിറ്ററില്‍ കുറിച്ചത്. സംഭവത്തില്‍ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം.
വിജയ് സേതുപതി, ആര്യ, രമേഷ് ഖന്ന എന്നിവര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് തരത്തിലുള്ള വ്യാജകുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇവര്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനസംഘത്തിലെ അംഗങ്ങളാണെന്നും കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയിലുള്ള വിജയ്‌യുടെ വീട്ടില്‍ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് നെയ്‌വേലിയില്‍ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.