
ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് നടൻ വിജയ്. ഞായാറാഴ്ച വൈകിട്ട് മലേഷ്യയിലെ ‘ജനനായകൻ’ ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം. വിമാനത്താവളത്തിൻ്റെ എക്സിറ്റ് മുതൽ കാറുവരെ വിജയയെ ആരാധകർ പിന്തുടരുകയായിരുന്നു. ഇതിനിടെയാണ് താരം നിലത്തുവീണത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരാണ് താരത്തെ എഴുന്നേൽപ്പിച്ച് കാറിൽ കയറ്റി വിട്ടത്.
അതേ സമയം മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലായിരുന്നു പുതിയസിനിമയായ ‘ജനനായക’ന്റെറെ ഓഡിയോ ലോഞ്ച്. ചടങ്ങിൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം വിജയ് ആവർത്തിച്ചിരുന്നു. ക്വലാലംപുരിലെ ബുകിത് ജലീൽ സ്റ്റേഡിയത്തിൽ ശനിയാഴ്ചനടന്ന ആറുമണിക്കൂർ നീണ്ട ചടങ്ങിൽ 75,000 പേരാണ് പങ്കെടുത്തത്.
മുഴുവൻ സമയം രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി സിനിമാഭിനയം നിർത്തുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. അത്തരത്തിൽ താരത്തിന്റെ അവസാന ചിത്രമായിരിക്കും ‘ജനനായകൻ’ എന്നും വ്യക്തമാക്കിയിരുന്നു. ജനുവരി ഒൻപതിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് ഡിസംബർ 27ന് മലേഷ്യയിലാണ് നടക്കുന്നത്. തമിഴക വെട്രി കഴകം എന്നാണ് വിജയ്യുടെ രാഷ്ട്രീയ പാർട്ടിയുടെ പേര്.
വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണവുമായാണ് ജനനായകൻ എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ നടി നിധി അഗർവാളും സമാന്തയും ആൾക്കുട്ടത്തിന് ഇടയിൽപ്പെട്ടിരുന്നു. സിനിമാ താരങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ ചുറ്റും കുടുന്ന ആരാധകർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.