
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോർട്ട് ചെയ്ത് തെലുങ്ക് മാധ്യമങ്ങൾ. ഹൈദരാബാദിൽ വളരെ രഹസ്യമായിട്ടാണ് ചടങ്ങ് നടത്തിയതെന്നും, ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കൾ മാത്രമുള്ള ചടങ്ങായിരുന്നുവെന്നുമാണ് ഡിഎൻഎയുടെ റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത വർഷം ഫെബ്രുവരി ആയിരിക്കും കല്യാണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം വിവാഹം സംബന്ധിച്ച് ഇതുവരെ ഇരുവരും ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വാർത്തകൾക്ക് പിന്നാലെ രസകരമായ കമന്റുകളുമായി പ്രേക്ഷകരും രംഗത്ത് എത്തി. ‘ഇതൊക്കെ ഉള്ളതാണോടെയ്, അവരറിഞ്ഞോ’ എന്നൊക്കെയാണ് ഇവരുടെ ചോദ്യങ്ങൾ.
ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നെ ചിത്രങ്ങളിൽ തുടർച്ചയായി ഒരുമിച്ചഭിനയിച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹവും ആരാധകര്‍ക്കിടയില്‍ ശക്തിപ്പെട്ടു. പല ഇന്റർവ്യൂസിലും സ്റ്റേജ് ഷോകളിലും ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് സൂചനകൾ തരുമെങ്കിലും ഇരുവരും ഔദ്യോഗികമായി ഈ കാര്യം സ്ഥിതീകരിച്ചിരുന്നില്ല.
രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലോ റെസ്റ്റോറന്റുകളിലും കണ്ട വാർത്തകൾ സജീവമായിരുന്നു. അതേസമയം, വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ എന്ന ചിത്രമാണ് അവസാനമായി തിയേറ്ററുകളിൽ റിലീസ് ആയത്. വൻ തുകയ്ക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. രശ്‌മികയുടെ ബോളിവുഡ് ചിത്രം താമയാണ് വരാനിരിക്കുന്ന റിലീസ് ചിത്രം. ആയുഷ്മാൻ ഖുറാനെയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിൽ എത്തും.