News In Malayalam Today vijay babu cases actress
യുവനടിയുടെ പീഡന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ചൊവ്വാഴ്ച്ചത്തേക്കാണ് മാറ്റിയത്. വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തില്ലെന്നത് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ബുധനാഴ്ച്ച കൊച്ചിയിലെത്തുമെന്നാണ് നിലവില്‍ അഭിഭാഷകന്‍ കോടതി അറിയിച്ചത്. ഇത് സംബന്ധിച്ച രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാവും ഹര്‍ജി നാളത്തേക്ക് മാറ്റിയതെന്നാണ് സൂചന.
ഇന്ന് രാവിലെ നാട്ടിലെത്തുന്ന തരത്തില്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റ് വിജയ് ബാബു റദ്ദാക്കുകയായിരുന്നു. ദുബായില്‍ നിന്ന് രാവിലെ 9 ന് എത്തുന്ന എമിറേറ്റ്സ് വിമാന ടിക്കറ്റാണ് റദ്ദാക്കിയത്.
30ന് നടന്‍ എത്തിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിയിരുന്നു. കേസില്‍ വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ പോരെയെന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവര്‍ക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാര പരിധിയില്‍ പ്രതി വരുന്നതാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വാക്കാല്‍ പറഞ്ഞത്.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസെടുക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ വാദം. അതേസമയം, വിജയ് ബാബുവിന് ജാമ്യം നല്‍കുന്നതിനെ നടി എതിര്‍ത്തു. വിജയ് ബാബു ഇന്ന് കൊച്ചിയില്‍ എത്തുമെന്നായിരുന്നു അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നത്.
Also Read News Kerala Latest : സിനിമ ചിത്രീകരണത്തിനിടെ ആസിഫ് അലിക്ക് പരിക്ക്
പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. താന്‍ നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബു ഉപഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.