വിജയ് ബാബുവിന് മുൻകൂർ ജാമ്യം

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. 27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതല്‍ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.

 

നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നെന്ന് നടി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലില്‍ നടന്‍ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാല്‍ പാഷ ചോദിച്ചിരുന്നു.

ഏപ്രില്‍ 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്‍കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.